വിതുര: വിതുര -തൊളിക്കോട് -പനയ്ക്കോട് റൂട്ടിൽ യാത്രാക്ലേശം രൂക്ഷമാകുന്നതായി പരാതി. ബസുകളുടെ കുറവിൽ വിദ്യാർത്ഥികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. വിതുര, നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്നും നാമമാത്രമായ സർവീസുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. മണിക്കൂറുകളോളം ഇടവിട്ടാണ് ബസ് എത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. നിശ്ചിതസമയത്ത് ബസ് ലഭിക്കാത്തതിനാൽ യാത്രക്കാർ മണിക്കൂറുകളോളം പെരുവഴിയിലകപ്പെട്ട് നട്ടംതിരുന്ന അവസ്ഥയാണ്. കൊവിഡിന് മുൻപ് നിരവധി സർവീസുകൾ ഉണ്ടായിരുന്നു. എന്നാൽ കൊവിഡിന്റെ മറവിൽ നിറുത്തലാക്കിയ സർവീസുകൾ ഇനിയും പുനരാരംഭിച്ചിട്ടില്ല.
നേരത്തെ വിതുര,ആര്യനാട്,നെടുമങ്ങാട് ഡിപ്പോകളിൽ നിന്നും അനവധി ബസുകൾ പനയ്ക്കോട് റൂട്ടിൽ സർവീസ് നടത്തിയിരുന്നു. കാലക്രമേണ ബസുകൾ മുന്നറിയിപ്പില്ലാതെ നിറുത്തലാക്കി. യാത്രാക്ലേശം ചൂണ്ടിക്കാട്ടി നാട്ടുകാർ കെ.എസ്.ആർ.ടി.സി മേധാവികൾക്ക് പരാതികൾ നൽകിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല.
ആശ്രയം ഓട്ടോറിക്ഷ
പനയ്ക്കോട് റൂട്ടിൽ ബസുകളില്ലാത്തതിനാൽ ഓട്ടോറിക്ഷകളാണ് ആശ്രയം. യാത്രാദുരിതത്തിന് പരിഹാരം കാണുന്നതിനായി പനയ്ക്കോട് റൂട്ടിൽ കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്ന കെ.എസ്.ആർ.ടി.സി മേധാവികളുടെ വാഗ്ദാനം കടലാസിലുറങ്ങുകയാണ്. പനയ്ക്കോട് വിതുര റൂട്ടിൽ അനുഭവപ്പെടുന്ന യാത്രാപ്രശ്നം ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിദ്യാർത്ഥികൾ വലയുന്നു
പനയ്ക്കോട് മേഖലയിലുള്ള നൂറുകണക്കിന് വിദ്യാർത്ഥികളാണ് നെടുമങ്ങാട്,തൊളിക്കോട്,വിതുര മേഖലയിലെ സ്കൂളുകളിലും കോളേജുകളിലും പഠിക്കാനെത്തുന്നത്. ബസ് സർവീസുകളുടെ അഭാവത്തിൽ വിദ്യാർത്ഥികൾക്ക് നിശ്ചിതസമയത്ത് സ്കൂളുകളിലെത്താനും മടങ്ങിപ്പോകാനും കഴിയുന്നില്ലെന്ന് പരാതിയുണ്ട്.സ്കൂൾ തുറന്നതോടെ യാത്രാക്ലേശം ഇരട്ടിയായിട്ടും നടപടികൾ സ്വീകരിച്ചിട്ടില്ല. കൺസെഷനെടുത്ത വിദ്യാർത്ഥികളും സമാന്തരസർവീസുകളെ ആശ്രയിക്കണം. രാവിലെയും വൈകിട്ടുമാണ് വേണ്ടത്ര ബസ് സർവീസ് ഇല്ലാത്തത്. കൂടുതൽ ബസ് സർവീസുകൾ അയക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ ആര്യനാട്, നെടുമങ്ങാട് വിതുര ഡിപ്പോകളിൽ നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല.
പുതിയ ഒരു സർവീസ് കൂടി
വിതുര പനയ്ക്കോട് റൂട്ടിൽ യാത്രാക്ലേശം വർദ്ധിച്ചുവെന്ന് ശക്തമായ പരാതി ഉയർന്നതോടെ വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും രാവിലെ 6.10ന് തൊളിക്കോട് മന്നൂർക്കോണം പനയ്ക്കോട് വഴി നെടുമങ്ങാട്ടേക്ക് പുതിയ സർവീസ് ആരംഭിച്ചു. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് ഫ്ലാഗ് ഒാഫ് ചെയ്തു.പനയ്ക്കോട് വി.കെ.കാണി ഗവൺമെന്റ് ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് കെ.ജെ.ശ്രീജിത് അദ്ധ്യക്ഷത വഹിച്ചു.പനയ്ക്കോട് വാർഡ്മെമ്പർ സന്ധ്യ.എസ്.നായർ,പുളിമൂട് വാർഡ്മെമ്പർ ജെ.അശോകൻ,പനയ്ക്കോട് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ആർ.അനിതകുമാരി, സീനിയർ അദ്ധ്യാപകൻ എസ്.അഭിലാഷ് എന്നിവർ പങ്കെടുത്തു.
യാത്രാദുരിതത്തിന് ശാശ്വതപരിഹാരം കാണാൻ നെടുമങ്ങാട്,ആര്യനാട്,വിതുര ഡിപ്പോകളിൽ നിന്ന് പുതിയ സർവീസുകൾ ആരംഭിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |