തിരുവനന്തപുരം: അന്തർ സംസ്ഥാന സർവീസ് ഉൾപ്പെടെ നടത്താൻ ഇ ബസുകളെ അനുവദിക്കുന്ന കേന്ദ്രപദ്ധതിയിൽ കേരളത്തിന് ഇടമില്ല.
പി.എം ഇ ബസ് സേവ പദ്ധതിയിൽ സംസ്ഥാനത്തെ പത്ത് നഗരങ്ങൾക്ക് 950 ബസുകൾ അനുവദിക്കുന്നതിനുള്ള ഫയൽ ഗതാഗത വകുപ്പ് മടക്കി അയച്ചിരുന്നു. ഇ ബസിനോടുള്ള നിഷേധ കാഴ്ചപ്പാടായാണ് കേന്ദ്രം ഇത് കണ്ടത്. തുടർന്നാണ് പി.എം ഇ-ഡ്രൈവ് പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്താത്തത് എന്നാണ് സൂചന.
ഡൽഹി, മുംബയ്, കൊൽക്കത്ത, ചെന്നൈ, അഹമ്മദാബാദ്, സൂറത്ത്, ബംഗളൂരു, പൂനെ, ഹൈദരാബാദ് എന്നിവയാണ് പി.എം ഇ-ഡ്രൈവ് പദ്ധതി വരുന്ന നഗരങ്ങൾ. അതത് സംസ്ഥാനങ്ങളുമായി ആലോചിച്ച്
ഇന്റർസിറ്റി, അന്തർസംസ്ഥാന ഇ-ബസുകൾ ലഭ്യമാക്കും. രണ്ട് വർഷത്തിൽ ഈ നഗരങ്ങളിൽ 14,028 ഇ ബസുകൾ ലഭ്യമാക്കും. ഇതിനായി കേന്ദ്രം 4,391 കോടി രൂപ ചെലവാക്കും.
ദീർഘദൂര സർവീസുകൾക്ക് ബസുകളില്ലാത്ത അവസ്ഥയാണ് കെ.എസ്.ആർ.ടി.സിക്ക്. കേന്ദ്ര പദ്ധതി നേട്ടമാകുമായിരുന്നു.
2025 - 2029ൽ 3,435.33 കോടി ചെലവിട്ട് സ്വകാര്യ കമ്പനിയുടെ 38,000 ഇലക്ട്രിക് ബസുകൾ കേന്ദ്രം സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കുന്നതാണ് പി.എം.ഇ.ബസ് സേവാ പദ്ധതി. മറ്റ് സംസ്ഥാനങ്ങൾ 3975 ബസുകൾ ഉറപ്പാക്കി.
555ൽ നിന്ന് 370 ആയി
പുതിയ 555 ഡീസൽ ബസുകൾ വാങ്ങാനായിരുന്നു കെ.എസ്.ആർ.ടി.സി തീരുമാനിച്ചത്. അത് 370 ആക്കി. ബസ് വാങ്ങാൻ സർക്കാർ ഫണ്ട് അനുവദിച്ചിട്ടില്ല. മറ്റ് സംസ്ഥാനങ്ങൾ ഹരിത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോൾ ഇവിടെ ഡീസൽ മതിയെന്നാണ്. ഓട്ടോറിക്ഷകൾക്ക് 'ഹരിത പ്രോത്സാഹനം' ഉണ്ട്. സിറ്റി പെർമിറ്റുള്ള ഡീസൽ, പെട്രോൾ ഓട്ടോറിക്ഷകൾ ഒഴിവാക്കി ഇ ഓട്ടോയിലേക്ക് മാറുന്നവർക്ക് സിറ്റി പെർമിറ്റ് തുടർന്നും നൽകുമെന്ന് മന്ത്രി ഗണേശ്‌കുമാർ ഉറപ്പ് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |