പട്ടാമ്പി: പരുതൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റിയ ഉത്തരവ് തദ്ദേശസ്വയംഭരണ വകുപ്പ് മരവിപ്പിച്ചു. പരുതൂർ ഗ്രാമ പഞ്ചായത്തിൽ നിലവിൽ അവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്ത സമയത്തായിരുന്നു കഴിഞ്ഞ ആഴ്ചയിൽ സെക്രട്ടറിയെ സ്ഥലം മാറ്റി ഉത്തരവ് ഇറക്കിയത്. പാലക്കാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് കാരണം ജില്ല മുഴുവൻ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന കാര്യം പോലും കണക്കിലെടുക്കാതെയാണ് ഈ ഉത്തരവ്.
പരുതൂർ ഗ്രാമ പഞ്ചായത്തിൽ ഒരു ഡസനോളം ജീവനക്കാരുടെ ഒഴിവുകൾ നികത്താൻ യാതൊരു നടപടിയും സ്വീകരിക്കാതെ ബാക്കിയുള്ളവരെ കൂടി സ്ഥലം മാറ്റുന്നതിനെക്കുറിച്ച് കേരള കൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പേരും പറഞ്ഞ് മാസങ്ങളായി ഒഴിവ് വന്ന തസ്തികയിൽ നിയമനം നടത്തിയിരുന്നില്ല. പഞ്ചായത്തിൽ സമയാസമയം നടക്കേണ്ട പല പരിപാടികളും ഈ നടപടികൾ മൂലം അനിശ്ചിതകാലമായി നീളുകയായിരുന്നു.
സെക്രട്ടറിയെ സ്ഥലം മാറ്റിയ ഉത്തരവ് മരവിപ്പിച്ചു കൊണ്ട് ഇറക്കിയ ഒടുവിലത്തെ സന്ദേശം ലഭിച്ചതിന്റെ ആഹ്ലാദത്തിൽ പരുതൂരിൽ കക്ഷി രാഷ്ട്രീയ ഭേദമന്യ മധുര പലഹാരങ്ങളും മിഠായികളും വിതരണം ചെയ്തു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റിയ ഉത്തരവ് മരവിപ്പിച്ചത് ഗ്രാമ പഞ്ചായത്ത് നടത്തിയത്തിന്റെ സമരത്തിന്റെ വിജയമാണ്.
എ.ടി.എം. സക്കറിയ, പരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |