ഭുവനേശ്വർ: ഡാന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിലും ബംഗാളിലും കനത്ത ജാഗ്രത. കിഴക്കൻ-മദ്ധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഡാന ഒഡീഷയിലെ ഭിതർകനികയ്ക്കും ധംറയ്ക്കും ഇടയിൽ കരതൊടുമെന്നാണ് വിലയിരുത്തൽ. മണിക്കൂറിൽ നൂറുമുതൽ നൂറ്റിയിരുപത് കിലോമീറ്റർ വരെ കാറ്റിന് വേഗതയുണ്ടാകും. ഇന്ത്യയുടെ കിഴക്കൻ മേഖലകളിൽ കനത്ത മഴ പെയ്തേക്കും. ഒഡീഷയിൽ
തീരദേശമേഖലയിൽ നിന്ന് പത്തുലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു. കൊൽക്കത്ത, ഭുവനേശ്വർ വിമാനത്താവളങ്ങൾ അടച്ചു. നിരവധി ട്രെയിനുകൾ സർവീസുകൾ നിറുത്തിവച്ചു.
ഒഡീഷയിലെ പതിനാലോളം ജില്ലകൾ നാശനഷ്ടമുണ്ടായേക്കുമെന്നാണ് കരുതുന്നത്. ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാദ്ധ്യതയുണ്ട്. വിനോദ സഞ്ചാരകേന്ദ്രങ്ങളും പാർക്കുകളും അടച്ചിടും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറൂമുകൾ തുറന്നു. മത്സ്യത്തൊഴിലാളികൾ കടലിലിൽ പോകരുതെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒഡീഷ, ബംഗാൾ തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങളെ വിന്യസിച്ചു. ഒഡീഷയിൽ എൻ.ഡി.ആർ.എഫിന്റെ 20 സംഘങ്ങളെയും ബംഗാളിൽ 13 സംഘങ്ങളെയും വിന്യസിച്ചു. ആന്ധ്രയിലും ജാർഖണ്ഡിലും ഒൻപത് സംഘങ്ങളെ തയാറാക്കി നിറുത്തിയിട്ടുണ്ട്. ഒഡീഷയിൽ എല്ലാ ഡോക്ടർമാരോടും അവധി റദ്ദാക്കി ജോലിക്കെത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഭക്ഷണം, വസ്ത്രം , മരുന്ന് തുടങ്ങിയ അവശ്യസാധനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
നാളെയോ മറ്റന്നാളോ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞേക്കും.
സാഹചര്യം നേരിടാൻ സർക്കാർ പൂർണ സജ്ജമാണ്. ജനങ്ങൾ സുരക്ഷിതരായിരിക്കണം. പരിഭ്രാന്തരാകരുത്.
-മോഹൻ ചരൺ മാജി
ഒഡീഷ മുഖ്യമന്ത്രി
അറബി വാക്ക്
ചുഴലിക്കാറ്റിന് ഡാന എന്ന് പേരിട്ടത് ഖത്തർ
ഉദാരത എന്നർത്ഥം വരുന്ന അറബി വാക്ക്
അറബ് സംസ്‌കാരത്തിൽ പ്രാധാന്യമുള്ള പേര്.
(ഏറ്റവും വലിപ്പവും മൂല്യവും മനോഹരവുമായ മുത്തിനെ സൂചിപ്പിക്കുന്നു)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |