ഹരിപ്പാട്: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ സുരക്ഷ ക്രമീകരണങ്ങളിൽ വീഴ്ച. മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ പുരസ്‌കാര സമർപ്പണച്ചടങ്ങിനെത്തിയപ്പോഴായായിരുന്നു വീഴ്ച സംഭവിച്ചത്. ചടങ്ങ് കഴിഞ്ഞ് ക്ഷേത്രത്തിലെ ദീപക്കാഴ്ചയിലും പങ്കെടുത്ത് മടങ്ങിയ മന്ത്രി ക്ഷേത്രത്തിന്റെ കിഴക്കെ നടയിൽ വാഹനം കാത്ത് അഞ്ച് മിനിറ്റോളമാണ് നിന്നത്. ഈ സമയത്ത് അദ്ദേഹത്തിന്റെ വാഹനവ്യൂഹം പടിഞ്ഞാറെ നടയിൽ കാത്തുനിൽക്കുകയായിരുന്നു.
അവിടെയുണ്ടായിരുന്ന ഓട്ടോയിൽ കയറി സുരേഷ് ഗോപി കുമരകത്ത് പോകാൻ ആവശ്യപ്പെട്ടതോടെ ഓട്ടോക്കാരൻ പരുങ്ങി. രണ്ട് കിലോ മീറ്റർ ഓട്ടോയിൽ പിന്നിട്ട് ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമുള്ള ഹനുമാൻ ക്ഷേത്രത്തിന് മുന്നിൽ എത്തിയപ്പോഴേക്കും വാഹനം വ്യൂഹം എത്തി. ഗൺമാൻ ഉൾപ്പടെയുള്ളവർ പിറകെയുള്ള വാഹനത്തിലാണ് എത്തിയത്.
പൊലീസ് ഉദ്യോഗസ്ഥർ ഓടിയെത്തിയപ്പോൾ കുമരകത്തേക്കുള്ള റൂട്ട് ഓട്ടോ ഡ്രൈവർക്ക് പറഞ്ഞുകൊടുക്കാൻ നീരസത്തോടെ ആവശ്യപ്പെട്ടെങ്കിലും പിന്നീട് ശാന്തനായി ഔദ്യോഗിക വാഹനത്തിൽ കുമരകത്തേക്ക് പോവുകയായിരുന്നു. ഇന്ന് കോട്ടയത്ത് ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ ഇന്നലെ കുമരകത്താണ് സുരേഷ് ഗോപിക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |