ആലപ്പുഴ: ജില്ലയിൽ മൂന്ന് വർഷത്തിനകം 57 മുലയൂട്ടൽ കേന്ദ്രങ്ങൾ ആരംഭിക്കാൻ വനിതാ - ശിശു വികസന വകുപ്പ് ആവിഷ്ക്കരിച്ച പദ്ധതി ഇഴയുന്നു. പ്രധാന ആശുപത്രികളിൽ ഉൾപ്പടെ ജനങ്ങൾ ധാരാളമായെത്തുന്ന മിക്ക കേന്ദ്രങ്ങളിലും പാലൂട്ടാനുള്ള സൗകര്യം അമ്മമാർക്ക് ലഭിക്കുന്നില്ല.
ആലപ്പുഴ കളക്ടറേറ്റിൽ ഒരു മൂലയൂട്ടൽ കേന്ദ്രമുണ്ടായിരുന്നു. ഇത് പിന്നീട് ബീച്ച് ഭാഗത്തേക്ക് മാറ്റിയെന്ന വിവരമല്ലാതെ, കേന്ദ്രം എവിടെയെന്നോ, അവസ്ഥയെന്തെന്നോ അധികൃതർക്ക് ഒരു ധാരണയുമില്ല.
ജില്ലയിൽ എത്ര മുലയൂട്ടൽ കേന്ദ്രങ്ങൾ ഉണ്ടെന്നോ, അത് എവിടെയെല്ലാം
പ്രവർത്തിക്കുന്നല്ലോ എന്ന അടിസ്ഥാന വിവരം പോലും വകുപ്പിൽ ലഭ്യമല്ല.
മുമ്പ് സ്വകാര്യ ആശുപത്രികൾ ഉൾപ്പടെ കൈകോർത്ത് 30 കേന്ദ്രങ്ങൾ ആരംഭിച്ച ശേഷമായിരുന്നു 2024നകം 57 കേന്ദ്രങ്ങൾ കൂടി തുറക്കുമെന്ന് വകുപ്പ് പ്രഖ്യാപിച്ചിരുന്നത്.
കേന്ദ്രമുണ്ട്, കണ്ടെത്തണം
1. ആലപ്പുഴ കെ.എസ്.ആർ.ഡി.സി ഡിപ്പോയിലെത്തുന്ന പല അമ്മമാരും തിരക്കിനും, അസൗകര്യങ്ങൾക്കും നടുവിലിരുന്നാണ് കുഞ്ഞുങ്ങളെ പാലൂട്ടുന്നത്
2. 10 വർഷത്തിലധികമായി സ്ത്രീകളുടെ വിശ്രമമുറിയോട് ചേർന്ന് മുലയൂട്ടൽ കേന്ദ്രമുണ്ടെങ്കിലും ഇതേപ്പറ്റി യാതൊരു സൂചനാ ബോർഡുകളും പരിസരത്തില്ല
3. ഡിപ്പോയുടെ പ്രധാനകെട്ടിടത്തിന് എതിർവശം കിഴക്ക് ഭാഗത്തായാണ് 2014-15 കാലഘട്ടത്തിൽ കെ.സി.വേണുഗോപാൽ എം.പിയുടെ പ്രാദേശിക ഫണ്ടുപയോഗിച്ച് നിർമ്മിച്ച പാസഞ്ചേഴ്സ് വെയിറ്റിംഗ് റൂം സ്ഥിതി ചെയ്യുന്നത്
4.ആദ്യത്തെ മുറി യാത്രക്കാരായ സ്ത്രീകൾക്ക് വിശ്രമിക്കാനും കുട്ടികളെ പാലൂട്ടാനും വേണ്ടി അനുവദിച്ചിരിക്കുന്നതാണ്. ഇതിനകത്തെ രണ്ട് ബാത്ത്റൂമുകളിൽ ഒന്ന് പ്രവർത്തന രഹിതമാണ്
ആശ്രയം രോഗിയുടെ കിടക്ക!
ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തുന്ന കൈക്കുഞ്ഞുങ്ങൾക്ക് പാലുകൊടുക്കണമെങ്കിൽ രോഗികളുടെ കിടക്കയാണ് അമ്മമാർക്ക് ശരണം. ഒ.പിയിൽ ചികിത്സ തേടി മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുമ്പോൾ, സ്വകാര്യത ഉറപ്പുവരുത്തി മുലയൂട്ടാനുള്ള ഒരു സംവിധാനവും ആശുപത്രിയിലില്ല. ഉദ്ഘാടനം കാത്തിരിക്കുന്ന പുതിയ ഒ.പി ബ്ലോക്കിലെങ്കിലും സ്ത്രീ സൗഹൃദ അന്തരീക്ഷം ഉറപ്പുവരുത്തേണ്ടതുണ്ട്.
ഭേദം റെയിൽവേ സ്റ്റേഷനുകൾ
പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ മുലയൂട്ടൽ കേന്ദ്രങ്ങളുള്ളത് ആശ്വാസകരമാണ്. ആലപ്പുഴയിലും ചെങ്ങന്നൂരും വർഷങ്ങളായി ഇത് പ്രവർത്തിക്കുന്നുണ്ട്. കായംകുളത്ത് കേന്ദ്രം ആരംഭിക്കാൻ വനിതാ ശിശു വികസന വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. ഹരിപ്പാട് സൗകര്യമില്ല.
എത്ര മുലയൂട്ടൽ കേന്ദ്രങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് അന്വേഷിക്കേണ്ടതുണ്ട്. കേന്ദ്രങ്ങളുടെ തുടർപരിപാലനം അതത് തദ്ദേശ സ്ഥാപനങ്ങളാണ് നടത്തുന്നത്
- പ്രോഗ്രാം ഓഫീസർ, വനിതാ ശിശുവികസന വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |