തിരുവനന്തപുരം : തൃശൂർ പൂരം കലക്കൽ ആരോപണത്തിൽ ഒടുവിൽ കേസെടുത്ത് പൊലീസ്. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ പരാതിയിലാണ് നടപടി. തൃശൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പക്ഷേ ആരെയും പ്രതി ചേർത്തിട്ടില്ല. രണ്ട് വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ ഉണ്ടാക്കൽ, ഗൂഢാലോചന, മതപരമായ ആഘോഷം തടസപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പൂരം കലക്കലിൽ എ.ഡി.ജി.പി എം.ആർ. അജിത്‌കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അന്വേഷണത്തിൽ കണ്ടെത്തിയ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ അന്വേഷിക്കാനാണ് ഈ മാസം 17 ന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ്, കൊല്ലം റൂറൽ എസ്.പി സാബു മാത്യു, കൊച്ചി എ.സി.പി പി. രാജ്കുമാർ, വിജിലൻസ് ഡിവൈ.എസ്.പി ബിജു വി. നായർ, ഇൻസ്പെക്ടർമാരായ ചിത്തരഞ്ജൻ, ആർ. ജയകുമാർ എന്നിവരാണു സംഘത്തിലുള്ളത്.
ഈ മാസം മൂന്നിനാണ് പൂരം കലക്കലിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. ഇതിനുശേഷം ഒമ്പത് ദിവസം കഴിഞ്ഞാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. എന്നാൽ, പ്രത്യേക സംഘത്തിന് കേസെടുക്കാനോ അന്വേഷണവുമായി മുന്നോട്ട് പോകാനോ കഴിഞ്ഞില്ല. തിരുവമ്പാടി ദേവസ്വത്തെ സംശയ നിഴലിലാക്കുന്ന റിപ്പോർട്ടാണ് എ.ഡി.ജി.പി എം.ആർ. അജിത് കുമാർ നൽകിയത്. എന്നാൽ, എ.ഡി.ജി.പിയുടെ വീഴ്ച ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടാണ് ഡി.ജി.പി നൽകിയത്. എ.ഡി.ജി.പിയുടെ റിപ്പോർട്ടിന്മേൽ കേസെടുക്കാനാകില്ലെന്നായിരുന്നു ക്രൈം ബ്രാഞ്ചിന് കിട്ടിയ നിയമോപദേശം.അന്വേഷണം നിലച്ചെന്ന വ്യാപക വിമർശനങ്ങൾക്കിടെയാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ പരാതിക്കാരനാക്കി കേസെടുത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |