സൈബർ രംഗത്തെ പുതിയ തട്ടിപ്പുരീതിയാണ് ഡിജിറ്റൽ അറസ്റ്റും അതിലൂടെ ഇരയെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും വൻതുകകൾ അപഹരിക്കുന്നതും. രാജ്യത്തൊട്ടാകെ ഇതിനകം ആയിരക്കണക്കിനാളുകൾക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. തട്ടിപ്പുകൾ പെരുകുകയും നഷ്ടപ്പെടുന്ന പണത്തിന്റെ വ്യാപ്തി അനന്തമായി വളരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് ഇത്തരത്തിലുള്ള തട്ടിപ്പുകൾക്കെതിരെ ജനങ്ങൾ ബോധവാന്മാരാകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞത്. ഡിജിറ്റൽ അറസ്റ്റ് എന്നൊരു സമ്പ്രദായമേ ഇന്ത്യയിൽ നിലവിലില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു അന്വേഷണ ഏജൻസിയും ഇത്തരത്തിൽ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടാറില്ലെന്നും ഭീഷണി ഉണ്ടായാൽ സൈബർ തട്ടിപ്പുകൾ അന്വേഷിക്കുന്ന 1930 എന്ന സൈബർ ഹെൽപ്പ് ലൈൻകാരെ അറിയിച്ചശേഷം അതാതു സംസ്ഥാനത്തെ സൈബർ പൊലീസ് വിഭാഗത്തിന് വിവരം കൈമാറുകയുമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിക്കുന്നു.
ഏറെ വൈകിയാണെങ്കിലും സൈബർ ലോകത്തെ പുത്തൻ തട്ടിപ്പിനെക്കുറിച്ചും അങ്ങനെയൊരു രീതി ഒരു അന്വേഷണ ഏജൻസിയും സ്വീകരിക്കാറില്ലെന്നും അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കാൻ പ്രധാനമന്ത്രി തന്നെ മുന്നോട്ടുവന്നത് ഏറെ ശുഭോദർക്കമാണ്. ഇതുപോലുള്ള സന്ദർഭങ്ങളിൽ ജനങ്ങൾ പൊറുതിമുട്ടുമ്പോൾ സത്വരമായി ഇടപെടലുകളുണ്ടാവുകയാണു വേണ്ടത്. യഥാസമയം സുരക്ഷാ നടപടികളെടുത്താൽ മുളയിലേ തന്നെ തട്ടിപ്പുകൾക്കു തടയിടാനാകും. ഏറെ വിവരവും വിദ്യാഭ്യാസവും ഡിജിറ്റൽ രംഗത്തെ വൈവിദ്ധ്യങ്ങളിൽ വേണ്ടത്ര അറിവും പരിചയവുമുള്ളവർ പോലും സൈബർ തട്ടിപ്പുകാർ വിരിക്കുന്ന വലയിൽ കുടുങ്ങി സമ്പാദ്യമത്രയും കാഴ്ചവച്ചുകൊണ്ടിരിക്കുന്നതു സംബന്ധിച്ച് നിത്യമെന്നോണം വാർത്ത വന്നുകൊണ്ടിരിക്കുകയാണ്. തട്ടിപ്പു ഭീഷണി ഫോൺ വഴി എത്തിയാൽ ഒട്ടും പരിഭ്രമിക്കാതെ മൂന്നു കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന പ്രധാനമന്ത്രിയുടെ ഉപദേശം എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. സംയമനം, ചിന്ത, നടപടി എന്നിവയാണവ. ഒരു കാരണവശാലും വ്യക്തികൾ തങ്ങളുടെ സ്വകാര്യ വിവരങ്ങൾ മറ്റൊരാളുമായി പങ്കുവയ്ക്കരുത്. കൂടക്കൂടെ ഇക്കാര്യം ഓർമ്മിപ്പിച്ചുകൊണ്ട് ബാങ്കുകളും മറ്റു ഉത്തരവാദപ്പെട്ടവരും ഫോൺ കമ്പനികളും മൊബൈലിൽ സന്ദേശങ്ങൾ അയയ്ക്കാറുണ്ട്. എന്നിട്ടും പലരും തട്ടിപ്പിന് ഇരയായിക്കൊണ്ടേയിരിക്കുന്നു എന്നാണ് ഇതുമായി ബന്ധപ്പെട്ടു നിത്യേന വായിക്കാൻ കഴിയുന്ന വാർത്തകൾ. കരുതലും ജാഗ്രതയും പുലർത്തേണ്ട ഇടങ്ങളിൽ അതിനു മുതിരാതിരിക്കുന്നവരെയാണ് സൈബർ ചാരന്മാർ വിടാതെ പിടികൂടുന്നതെന്ന് മറക്കരുത്. തട്ടിപ്പുകൾ നടന്നാലും ഉടനടി വിവരം സൈബർ വിഭാഗത്തെ അറിയിക്കാൻ കഴിഞ്ഞാൽ നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനാകും. തട്ടിപ്പിനുപയോഗിച്ച ഫോൺ നമ്പരുകളും അതുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും മരവിപ്പിക്കാൻ സാധിക്കും. ലക്ഷക്കണക്കിനു അക്കൗണ്ടുകളാണ് ഇത്തരത്തിൽ രാജ്യവ്യാപകമായി മരവിപ്പിച്ചിട്ടുള്ളത്.
ഒരു പരിധിവരെ തട്ടിപ്പുകൾ തടയാൻ മാർഗങ്ങളുണ്ടെങ്കിൽ അറിയാതെ പോലും അതിൽ ചെന്നു വീഴാതിരിക്കാനുള്ള വിവേകം കാണിക്കുകയാണു ബുദ്ധി. എന്നാൽ ദുരാഗ്രഹം കൊണ്ടോ എളുപ്പം പണം സമ്പാദിക്കാമെന്ന അതിമോഹം കൊണ്ടോ പലരും അറിഞ്ഞുകൊണ്ടുതന്നെ സ്വയം തലവച്ചുകൊടുക്കുകയാണ്. തിരുവനന്തപുരത്ത് ഒരു വനിതാ ഡോക്ടറുടെ 84ലക്ഷം രൂപ സൈബർ തട്ടിപ്പുകാർ അടിച്ചെടുത്തത് ഓഹരി വിപണിയിലെ ലാഭക്കണക്ക് കാട്ടിക്കൊടുത്താണ്. ഒറ്റയടിക്കല്ല പല തവണയാണ് തട്ടിപ്പുസംഘം ഡോക്ടറെ കബളിപ്പിച്ച് ബാങ്ക് ബാലൻസ് മൊത്തം കവർന്നെടുത്തത്. രാജ്യത്തുള്ളവരല്ല കംബോഡിയയിൽ നിന്നുള്ള സൈബർ തട്ടിപ്പുസംഘമാണ് ഇതിനു പിന്നിലുള്ളതെന്നു കണ്ടെത്തിയിട്ടുണ്ട്. ബോധവത്ക്കരണം ശക്തമായതോടെ പുരുഷന്മാർ പലരും ഇത്തരം കെണികളിൽ വീഴാറില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ സ്‌ത്രീകളെയാണ് തട്ടിപ്പുസംഘങ്ങൾ ഇപ്പോൾ നോട്ടമിടുന്നത്. ബോധവത്ക്കരണം ഇനി അവർക്കാണു വേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |