ആലപ്പുഴ : ആലപ്പുഴ ബീച്ചിലും പുന്നമടയിലും സഞ്ചാരികൾക്ക് സുരക്ഷയൊരുക്കേണ്ട ടൂറിസം പൊലീസ് വേണ്ടത്ര അംഗബലമില്ലാതെ കിതയ്ക്കുന്നു. നേരത്തേ 14 പേർ ഉണ്ടായിരുന്നിടത്ത് മൂന്ന് വനിതകൾ ഉൾപ്പെടെ 12 ആണ് ഇപ്പോൾ ആലപ്പുഴ ടൂറിസം പൊലീസിന്റെ അംഗബലം.
ഒന്നര കിലോമീറ്റർ ദൈർഘ്യമുള്ള ബീച്ചിൽ സാമൂഹ്യവിരുദ്ധരെ തടയാൻ ആവശ്യമായ പൊലീസ് സേനാംഗങ്ങൾ ഇല്ലാത്തത് തിരിച്ചടിയാണ്. ബീച്ചിൽ അയ്യപ്പൻപൊഴിക്ക് തെക്ക് സാമൂഹ്യവിദ്ധരുടെ അഴിഞ്ഞാട്ടം നിത്യസംഭവമാണ്. അവധി ദിവസങ്ങളിൽ ആലപ്പുഴ സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ നിന്നോ എ.ആർ ക്യാമ്പിൽ നിന്നോ ഉദ്യോഗസ്ഥരുടെ സേവനവും ഇവിടെ ലഭിക്കാറില്ല.
ടൂറിസ്റ്റുകളുടെ സുരക്ഷക്കായി ആറു ജീവനക്കാരുമായി 2001ലാണ് പുന്നമടയിൽ ടൂറിസം പൊലീസ് സ്റ്റേഷൻ ആരംഭിച്ചത്. പിന്നീട് അധികമായി ബീച്ചിലെ സുരക്ഷകൂടി നൽകിയതോടെ 2014ൽ ടൂറിസം പൊലീസ് സ്റ്റേഷൻ കടപ്പുറത്തേക്ക് മാറ്റി. അന്നാണ് അംഗബലം 14ആയി ഉയർത്തിയത്. കഴിഞ്ഞ ഒരുവഷത്തിനിടെ രണ്ടു പേരുടെ ഒഴിവ് നികത്താതെയാണ് പ്രവർത്തനം.
എയ്ഡ് പോസ്റ്റ് അടഞ്ഞിട്ട് ആറുവർഷം
1. വർഷങ്ങളായി പുന്നമടയിൽ പ്രവർത്തിച്ചിരുന്ന പൊലീസ് എയ്ഡ് പോസ്റ്റിന് താഴ് വീണിട്ട് വർഷം ആറ് വഴിഞ്ഞു
2. ഒരു എസ്.ഐയുടെ നേതൃത്വത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ ഇവിടെ ഉണ്ടായിരുന്നു
3. ടൂറിസം പൊലീസ് സ്റ്റേഷൻ പ്രവർത്തനം സജീവമായതോടെ എയ്ഡ് പോസ്റ്റിലെ അംഗബലം കുറച്ചു
4. പിന്നീട് ഘട്ടംഘട്ടമായി ജീവനക്കാരെ പറിച്ച് നട്ടതോടെ പുന്നമടയിലെ എയ്ഡ് പോസ്റ്റിന് താഴ് വീണു
5.എയ്ഡ് പോസ്റ്റ് പ്രവർത്തിച്ച കെട്ടിടത്തിലാണ് കൊവിഡ് രോഗികളായ പ്രതികളെ പാർപ്പിച്ചിരുന്നത്
ടൂറിസം പൊലീസ് സ്റ്റേഷനിൽ
ആകെ ജീവനക്കാർ: 12
എസ്.ഐ: 2
എ.എസ്.ഐ: 3
സി.പി.ഒ (പുരുഷൻമാർ) :6
സി.പി.ഒ (വനിതകൾ: ഒന്ന്
ഒഴിവുകൾ : രണ്ട്
പുന്നമടയിൽ പ്രവർത്തിച്ചിരുന്ന പൊലീസ് എയ്ഡ് പോസ്റ്റ് പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കണം
- ഹൗസ് ബോട്ട് ജീവനക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |