കൊച്ചി: കഥകളി സംഗീതത്തിന്റെ മൊഞ്ചും ചേലുമായി ഒരു മുസ്ലീം പെൺകുട്ടി - മലപ്പുറം വാണിയമ്പലം പുലത്തുവീട്ടിൽ ഫാത്തിമ ഇസ്തിക് (22). തൃശൂർ സ്കൂൾ ഒഫ് ഡ്രാമയിലെ എം.എ മ്യൂസിക് വിദ്യാർത്ഥിനിയായ ഫാത്തിമയ്ക്ക് ഈമാസം 9ന് കലാമണ്ഡലത്തിലും വേദികിട്ടി. ഇതിന്റെ വീഡിയോ വൈറലാണ്.
കുഞ്ഞുനാളിലേ ഫാത്തിമ പാടുമായിരുന്നു. മൂന്നാംക്ലാസിൽ പഠിക്കുമ്പോൾ ഉപ്പ ഇസ്തികാറുദ്ദീനും ഉമ്മ റജിതയും ശാസ്ത്രീയ സംഗീതത്തിലേക്ക് വഴിനടത്തി. വണ്ടൂർ ത്യാഗരാജ മ്യൂസിക് സ്‌കൂളിൽ ചേർത്തു. കലോത്സവങ്ങളിൽ പതിവ്കാരിയായി. ഹൈസ്‌കൂളിൽ അദ്ധ്യാപികയായ റഷീലയാണ് ഫാത്തിമയുടെ ശബ്ദം കഥകളിപ്പദത്തിന് ചേരുമെന്ന് പറഞ്ഞത്. അന്ന് കഥകളിസംഗീതം എന്തെന്നുപോലും അറിയില്ല.
പോരൂർ എ.യു.പി സ്‌കൂളിൽ അദ്ധ്യാപികയായിരുന്ന പ്രശസ്ത കഥകളി സംഗീതജ്ഞ ദീപ പാലനാടിന്റെ ശിഷ്യയായി. ആ പഠനം ഇപ്പോഴും തുടരുന്നു.
''നാലുവർഷം കഥകളിസംഗീതം പഠിച്ചു. അത് മത്സരങ്ങൾക്കായിരുന്നു. തുടർച്ചയായി മൂന്നുവർഷം സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ എ ഗ്രേഡ് നേടി. അടുത്തിടെയാണ് കലാമണ്ഡലം ഹൈദരാലിയെക്കുറിച്ച് മനസിലാക്കിയത്. അതോടെ കഥകളി സംഗീതം ആഴത്തിൽ പഠിക്കാൻ തീരുമാനിച്ചു.''- ഫാത്തിമ പറഞ്ഞു.
കലാമണ്ഡലം ഉണ്ണിക്കുറുപ്പാശാന്റെ ഓർമ്മദിനത്തിൽ പുറത്തുനിന്നുള്ള കലാകാരന്മാർക്കും കഥകളിസംഗീതം അവതരിപ്പിക്കാമായിരുന്നു. അങ്ങനെയാണ് കലാമണ്ഡലത്തിൽ പാടിയത്. അത് സ്വപ്നസാക്ഷാത്കാരമായി.
സിനിമാഗാനങ്ങളും ഫാത്തിമയ്ക്ക് ഇഷ്ടമാണ്. മാതാപിതാക്കളും ഭർത്താവ് നാജി റഹീമും ജ്യേഷ്ഠൻ റമീസും എല്ലാ പ്രോത്സാഹനവും നൽകുന്നു.
വലിയ വേദികളിൽ കഥകളിപ്പദം അവതരിപ്പിക്കണം. കഥകളിക്കൊപ്പം പാടണം.
--ഫാത്തിമ ഇസ്തിക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |