വിതുര: ചാരുപാറക്കാരുടെ ഉറക്കം കെടുത്തി സാമൂഹിക വിരുദ്ധർ വിലസാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇല്ലാത്ത യക്ഷിയുടെ പേരിൽ ജനങ്ങളെ വട്ടം കറക്കിയ ഇവർ ഇപ്പോൾ മോഷണവും തുടങ്ങി. ശബ്ദംകേട്ടാൽ യക്ഷിയാണെന്ന പേരിൽ ആരും പുറത്തിറങ്ങാതിരിക്കാനാണ് ഇത്തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. തൊളിക്കോട് വിതുര പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ ചാരുപാറ, പേരയത്തുപാറ മേഖലയിലാണ് മോഷ്ടാക്കളുടെ പ്രധാന വിഹാരകേന്ദ്രം. കഴിഞ്ഞദിവസം വിതുര എം.ജി.എം പൊൻമുടിവാലിപബ്ലിക് സ്കൂളിന് സമീപം നിർമ്മിക്കുന്ന മുഹമ്മദ് റാഫിയുടെ കിണറിലെ പുതിയ പമ്പ് മോഷണം പോയി. ഇതിന് മുമ്പ് പ്രദേശത്തെ മൂന്ന് വീടുകളിലും മോഷണം നടന്നിരുന്നു.ബൈക്കും മോഷ്ടിച്ചു. കൂടാതെ റബർഷീറ്റുകൾ, കാർഷിക വിളകൾ ഇവയെല്ലാം മോഷ്ടാക്കൾ കൊണ്ടുപോവുകയാണ്. മോഷണ പരമ്പര തന്നെ നടന്നിട്ടും ഈ സംഘത്തെ പിടികൂടാൻ ആർക്കും കഴിഞ്ഞിട്ടില്ല.
ലഹരിയും
വിജനമായ പ്രദേശത്തെ തോട്ടങ്ങൾ കേന്ദ്രീകരിച്ചാണ് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. ചാരുപാറ, പേരയത്തുപാറ മേഖലകളിൽ കഞ്ചാവ് സംഘങ്ങൾ സജീവമായിട്ട് മാസങ്ങളായി. ബൈക്കുകളിൽ എത്തുന്ന സംഘം കഞ്ചാവും എം.ഡി.എയും വിദ്യാർത്ഥികൾക്കിടയിൽ വൻതോതിലാണ് വിറ്റഴിക്കുന്നത്. കഞ്ചാവ് വില്പനയ്ക്കിടെ നിരവധിപേരെ പൊലീസും എക്സൈസും പിടികൂടിയിട്ടുണ്ട്. എന്നാലും വില്പനയ്ക്ക് യാതൊരുകുറവുമില്ല. പരിശോധന ശക്തമായതോടെ സോഷ്യൽ മീഡിയയെ ഒപ്പംകൂട്ടി പുതിയ യക്ഷിക്കഥയും പ്രചരിപ്പിക്കാൻ തുടങ്ങി.
മാലിന്യ നിക്ഷേപവും
പ്രദേശത്ത് ഭീതിപരന്നതോടെ മാലിന്യ നിക്ഷേപവും ശക്തമാണ്. അറവ്മാലിന്യങ്ങൾ തുടങ്ങി ഡയപ്പറുകൾ, ഭക്ഷണ അവശിഷ്ടങ്ങൾ എന്നിവ കവറുകളിലും ചാക്കുകളിലുമായി ഇവിടെ നിറഞ്ഞുകിടക്കുകയാണ്. ഒപ്പം ഇവിടെ ഉപേക്ഷിക്കപ്പെടുന്ന നായ്ക്കുട്ടികളും പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു. ഇതുസംബന്ധിച്ച് വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ നാട്ടുകാരും, റസിഡന്റ്സ് അസോസിയേഷനും അനവധി തവണ പരാതികൾ നൽകിയിട്ടുണ്ട്. മേഖലയിൽ ഹൈമാസ്റ്റ് ലൈറ്റും സി.സി.ടി.വി കാമറകളും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |