കാസർകോട്(നീലേശ്വരം):ചിത്താരിപ്പുഴ തൊട്ട് ഒളവറ പുഴ വരെ അതിരിടുന്ന പഴയ അള്ളടസ്വരൂപത്തിൽ കളിയാട്ടക്കാലത്തിന് തുടക്കമിടുന്നത് നീലേശ്വരം തെരുവിലുള്ള പത്മശാലിയ വിഭാഗത്തിന്റെ ആരാധനാലയമായ അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തോടെയാണ്. തുലാപത്ത് കഴിഞ്ഞതിന്റെ പിറ്റേന്നാളാണ് ഉഗ്രമൂർത്തിയായ മൂവാളംകുഴി ചാമുണ്ഡി പ്രധാന ആരാധനാമൂർത്തിയായ ഈ കാവിലെ കളിയാട്ടം. ആറുമാസത്തോളമുള്ള ഇടവേള കഴിഞ്ഞുള്ള ആദ്യകളിയാട്ടമെന്ന നിലയിൽ വലിയ തോതിൽ ആളുകൾ ഇക്കുറിയും ഇവിടെ എത്തിയിരുന്നു.
രൗദ്രഭാവത്തിലുള്ള മൂവാളംകുഴി ചാമുണ്ഡിയുടെ തോറ്റം പുറപ്പാട് തലേദിവസത്തെ കളിയാട്ടചടങ്ങിലെ പ്രധാന ഭാഗമാണെന്നതിനാലാണ് വെടിയപകടത്തിൽ ഇത്രയേറെ ആളുകൾക്ക് പരിക്കേൽക്കാനും ഇടയായത്. മൂവാളംകുഴി ചാമുണ്ഡിയുടെ തോറ്റവും തെയ്യവും ഉഗ്രഭാവത്തിൽ മുന്നിൽ നിൽക്കുന്നവരെ ആയുധം കൊണ്ട് തട്ടിമാറ്റുന്നത് വലിയ ആരവത്തോടെ നടക്കുന്ന ചടങ്ങാണ്. ചെണ്ടയുടെയും വെടികെട്ടിന്റെയും വലിയ ശബ്ദത്തിന്റെ പ്രകമ്പനത്തിലാണ് സാധാരണ നിലയിൽ ഈ തെയ്യത്തിന്റെ തോറ്റം ഉറഞ്ഞാടുക.ഇതിനാൽ വെടി പൊട്ടിത്തുടങ്ങുമ്പോൾ ഒട്ടും ഭയമില്ലാതെയാണ് ആളുകൾ നിന്നിരുന്നതും.
ആറായിരം പേർക്കുള്ള സദ്യ പാഴായി
നീലേശ്വരം ടൗണിനോട് ചേർന്നുള്ള തെരു റോഡിൽ അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവത്തിന് ഭക്തർക്ക് നൽകാൻ ഒരുക്കിയ സദ്യയും പാഴായി. പ്രധാന ആരാധനാമൂർത്തിയായ മൂാവളംകുഴി ചാമുണ്ഡിയുടെ പുറപ്പാടിന് ശേഷം ഇന്നലെ ഉച്ചക്ക് 12 മണി മുതൽ അന്നദാനം നടത്താനായിരുന്നു പദ്ധതി.
സാമ്പാർ, കൂട്ടുകറി, ഉപ്പേരി , അച്ചാർ എന്നിവ രാത്രി പതിനൊന്നരയോടെ ഊട്ടുപുരയിൽ തയ്യാറാക്കിയിരുന്നു. സദ്യക്കായുള്ള പായസവും ചോറും ഇന്നലെ പുലർച്ചെ പാചകം ചെയ്യാനായിരുന്നു തീരുമാനം. തിങ്കളാഴ്‌ച രാത്രി തോറ്റം തുടങ്ങുന്നതിന് മുമ്പും അന്നദാനമുണ്ടായിരുന്നു. അപകടത്തിന് ശേഷം ചിലർ ഊട്ടുപുരയിൽ കയറി പാചകം ചെയ്തു വെച്ചിരുന്ന കറികൾ കടത്താൻ ശ്രമിച്ചതോടെ ഉത്സവകമ്മിറ്റിക്കാർ പാചകശാല അടച്ചുപൂട്ടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |