കൊല്ലം: കളക്ടറേറ്റ് വളപ്പിലെ ബോംബ് സ്ഫോടന കേസിലെ വിധി പറയുന്നത് മാറ്റി. കേസിൽ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ (യു.എ.പി.എ) വകുപ്പുകൾ ഉൾപ്പെടുത്താൻ നിശ്ചിത സമയത്തിനുള്ളിൽ അനുമതി ലഭിച്ചില്ലെന്ന പ്രതിഭാഗം വാദത്തിൽ പ്രോസിക്യൂഷനിൽ നിന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി. ഗോപകുമാർ ഇന്നലെ കൂടുതൽ വ്യക്തത തേടി.
കേസിലെ അഞ്ചാം പ്രതി മുഹമ്മദ് അയൂബിനെ മാപ്പു സാക്ഷിയാക്കിയതിന്റെ വിശദാംശങ്ങൾ കോടതി ആരാഞ്ഞു. മറ്റു പ്രതികൾക്കൊപ്പം ജയിലിൽ കഴിഞ്ഞിരുന്ന അയൂബ് പ്രതികളെ തിരിച്ചറിഞ്ഞു എന്നതിന്റെ യുക്തി എന്തെന്ന് കോടതി ആരാഞ്ഞു. മൊഴികളുടെ അടിസ്ഥാനത്തിൽ കണ്ടെടുത്തുവെന്ന് പറയുന്ന തെളിവുകൾക്കു ബലം നൽകുന്ന സാക്ഷിമൊഴികളോ രേഖകളോ ഹാജരാക്കിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഇന്നും വാദം തുടരും. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ആർ. സേതുനാഥും പ്രതിഭാഗത്തിനായി അഡ്വ. ഷാനവാസും ഹാജരായി. 2016 ജൂൺ 15നു രാവിലെയാണ് കളക്ടറേറ്റ് വളപ്പിലെ ജീപ്പിലായിരുന്നു സ്ഫോടനം. സംഭവത്തിൽ ഒരാൾക്ക് പരുക്കേറ്റിരുന്നു. നിരോധിത സംഘടനയായ ബേസ് മൂവ്മെന്റ് പ്രവർത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂൺ കരീം രാജ (33), ദാവൂദ് സുലൈമാൻ (27), ഷംസുദീൻ എന്നിവരാണു പ്രതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |