തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വകുപ്പുതല അന്വേഷണ റിപ്പോർട്ട് ചീഫ് സെക്രട്ടറി ശാരദാമുരളീധരന് ലഭിച്ചു. ഇന്നലെ രാത്രിയാണ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ തന്റെ കുറിപ്പോടുകൂടിയ റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം സർക്കാരിന് കൈമാറുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.
ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ ഗീത.എയാണ് വിശദമായ അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്. വിവാദ പെട്രോൾ പമ്പിന്റെ അപേക്ഷകൻ പ്രശാന്തൻ, ജില്ലാ കളക്ടർ, ഡെപ്യൂട്ടി കളക്ടർ ഉൾപ്പെടെ 17 ഓളം പേരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. പെട്രോൾ പമ്പിന്റെ എൻ.ഒ.സി അപേക്ഷയിൽ എ.ഡി.എം അനാവശ്യ കാലതാമസം വരുത്തിയില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. മാത്രമല്ല, പരാതിക്കാരന് സഹായകമാവുന്ന നിലപാട് എ.ഡി.എം സ്വീകരിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
പെട്രോൾ പമ്പിന് ഉപാധികളോടെയുള്ള എൻ.ഒ.സി നൽകിയ സാഹചര്യത്തിൽ ഒരു തരത്തിലുള്ള കൈക്കൂലിയും കൈപ്പറ്റിയതായി പറയാൻ കഴിയില്ലെന്നും വ്യക്തമാക്കുന്നു. ചീഫ് സെക്രട്ടറിയുടെ ശുപാർശ സഹിതമുള്ള റിപ്പോർട്ട് രണ്ട് ദിവസത്തിനകം റവന്യു മന്ത്രി കെ.രാജന് കൈമാറും. മന്ത്രി പരിശോധിച്ച ശേഷം മുഖ്യമന്ത്രിക്ക് സമർപ്പിക്കും. തുടർന്നാകും നടപടികളിൽ തീരുമാനമെടുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |