കൊച്ചി: പുതിയതായി വൈദികപ്പട്ടം സ്വീകരിച്ച എട്ടുപേരും ഏകീകൃത കുർബാന മാത്രമേ അർപ്പിക്കാവൂവെന്ന് എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ബോസ്കോ പുത്തൂർ കർശന നിർദ്ദേശം നൽകി. പുതിയ വൈദികരുടെ ഇടവകകളിൽ ഏകീകൃത കുർബാന അർപ്പിക്കാൻ ക്രമീകരണം ഏർപ്പെടുത്താൻ വികാരിമാർക്കും നിർദ്ദേശം നൽകി.
ഞായറാഴ്ച പള്ളികളിൽ വായിക്കാൻ നൽകിയ സർക്കുലറിലാണ് വൈദികർക്കും വിശ്വാസികൾക്കും മുന്നറിയിപ്പ്. അതിരൂപതയിൽ പൊലീസിന്റെ സഹായം തുടരുമെന്നും സർക്കുലറിൽ പറയുന്നു.
മറ്റു നിർദ്ദേശങ്ങൾ
1. ഇടവക ദേവാലയങ്ങളിൽ ഔദ്യോഗിക സമയക്രമങ്ങളിൽ ഏകീകൃത കുർബാന അർപ്പിക്കണം.
2. ഇടവകകളിൽ ഏകീകൃത ബലി അർപ്പിക്കാൻ ആഗ്രഹിക്കുന്ന വൈദികർക്കും മെത്രാന്മാർക്കും സൗകര്യങ്ങൾ വികാരിമാർ നൽകണം.
3. പൊതുയോഗം, പ്രതിനിധിയോഗം എന്നിവയിൽ ബിഷപ്പിന്റെ കൽപ്പനകൾക്കോ നിർദ്ദേശങ്ങൾക്കോ എതിരായ പ്രസ്താവനയോ തീരുമാനമോ എടുക്കാൻ പാടില്ല. 4. സമൂഹ മാദ്ധ്യമങ്ങളിൽ സഭയെ അപമാനിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും.
5. ബിഷപ്പിന്റെ അംഗീകാരമില്ലാത്ത യോഗവും കൂടിച്ചേരലും അതിരൂപത ഓഫീസിൽ അനുവദിക്കില്ല.
6. വൈദികരും സമർപ്പിതരും രൂപതാദ്ധ്യക്ഷനെ കാണാൻ മുൻകൂട്ടി അനുമതി വാങ്ങണം.
അംഗീകരിക്കില്ല:
അൽമായ മുന്നേറ്റം
ബോസ്‌കോ പുത്തൂർ ഇറക്കിയ സർക്കുലർ തള്ളികളയുമെന്നും പള്ളികളിൽ വായിക്കാൻ ശ്രമിച്ചാൽ തടയുമെന്നും അൽമായയ മുന്നേറ്റം അറിയിച്ചു. ബിഷപ്പ് ഹൗസിനു മുന്നിലും ഇടവകകളിലും സർക്കുലർ കത്തിച്ചു പ്രതിഷേധിക്കും.
മുഴുവൻ പള്ളികളിലും പ്രതിഷേധം യോഗം ചേരും. ഇടവകകൾ എന്ത് ചെയ്യണമെന്ന് തൃശൂർക്കാരനായ ബോസ്‌കോയോ ജോഷി പുതുവയോ കൂരിയ അംഗങ്ങളോ നിർദ്ദേശിക്കേണ്ട. വിശ്വാസികളും ഇടവക പ്രതിനിധി യോഗവും തീരുമാനങ്ങളെടുക്കുമെന്നും മുന്നേറ്റം പ്രസ്‌താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |