മുഹമ്മ: മണ്ണാറശാല യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളായ സൂരജ് കുമാറിന്റെയും സഹോദരി ധാംനി കുമാരിയുടെയും മലയാള മണ്ണിലെ ഓട്ടത്തിന് പിന്നിൽ ബീഹാറിന്റെ ഊർജ്ജമുണ്ട്. ബീഹാർ സ്വദേശികളായ ഗൗതം പസ്വാന്റെയും മുനിദേവിയുടെയും അഞ്ച് മക്കളിൽ ഇളയവരാണ് ഇരുവരും. എന്നാൽ, ജനിച്ചതും വളർന്നതും കേരളത്തിൽ. 600, 400 മീറ്റർ ഓട്ടത്തിലായിരുന്നു ഇരുവരുടെയും മത്സരം. ഒന്നാമതെത്താൻ സാധിച്ചില്ല. പക്ഷേ, കർമ്മം കൊണ്ട് ജന്മനാടായ ആലപ്പുഴയ്ക്ക് വേണ്ടി ട്രാക്കിൽ ഇറങ്ങുന്നത് ഇരുവർക്കും ഹരമാണ്. മാതാപിതാക്കൾ വർഷങ്ങൾക്ക് മുമ്പാണ് ബിഹാറിലെ ഛപ്രയിൽ നിന്ന് ടൈൽ ജോലിക്കായി കേരളത്തിലെത്തിയത്. പിന്നീട് സ്വന്തം ഭൂമിയെ വാങ്ങി ഹരിപ്പാട് വാത്തികുളങ്ങരയിൽ കമൽ വീട്ടിൽ താമസമാക്കുകയായിരുന്നു. കാജൽ കുമാരി, കമൽ കുമാർ, സാഗർ കുമാർ എന്നിവരാണ് സഹോദരങ്ങൾ. കാജൽ മുമ്പ് കായിക മേളയിൽ പങ്കെടുത്തിട്ടുണ്ട്. സാഗർ ഫുട്ബാൾ താരമാണ്. ഹരിപ്പാട് ഹാപ്സയിൽ കായികാദ്ധ്യാപകൻ ഷജിത്ത് ഷാജിയാണ് പരിശീലകൻ .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |