തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നു മണ്ഡലങ്ങളിലേയും നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്നലെ കഴിഞ്ഞതോടെ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു. വയനാട് 16ഉം,പാലക്കാട് 10ഉം,ചേലക്കര 6ഉം സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ചിഹ്നവും അനുവദിച്ചു.
വയനാട്ടിൽ നവ്യാ ഹരിദാസ് (ഭാരതീയ ജനതാ പാർട്ടി),പ്രിയങ്ക ഗാന്ധി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്),സത്യൻ മൊകേരി (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ),ഗോപാൽ സ്വരൂപ് ഗാന്ധി (കിസാൻ മജ്ദൂർ ബറോജ്ഗർ സംഘ് പാർട്ടി),ജയേന്ദ്ര കെ. റാത്തോഡ് (റൈറ്റ് ടു റീകാൾ പാർട്ടി),ഷെയ്ക്ക് ജലീൽ (നവരംഗ് കോൺഗ്രസ് പാർട്ടി),ദുഗ്ഗിറാല നാഗേശ്വര റാവൂ (ജതിയ ജനസേവ പാർട്ടി), എ.സീത (ബഹുജൻ ദ്രാവിഡ പാർട്ടി),സ്വതന്ത്ര സ്ഥാനാർത്ഥികളായി അജിത്ത് കുമാർ. സി,ഇസ്മയിൽ സബിഉള്ള,എ.നൂർമുഹമ്മദ്,ഡോ.കെ പത്മരാജൻ,ആർ. രാജൻ,രുഗ്മിണി,സന്തോഷ് പുളിക്കൽ,സോനുസിംഗ് യാദവ് എന്നിവർ മത്സരിക്കും.
ചേലക്കരയിൽ സ്വതന്ത്ര സ്ഥാനാർത്ഥി പന്തളം രാജേന്ദ്രൻ നാമനിർദ്ദേശ പത്രിക പിൻവലിച്ചതോടെ യു.ആർ.പ്രദീപ് (സി.പി.എം),രമ്യ ഹരിദാസ് (കോൺഗ്രസ്),കെ.ബാലകൃഷ്ണൻ (ബി.ജെ.പി),സ്വതന്ത്ര സ്ഥാനാർത്ഥികളായി എൻ.കെ സുധീർ (ഡി.എം.കെ),കെ.ബി.ലിൻഡേഷ്,ഹരിദാസൻ എന്നിവർ മത്സരിക്കും.
പാലക്കാട് ഇന്നലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ രമേഷ് കുമാർ പത്രിക പിൻവലിച്ചിരുന്നു. പാലക്കാട് കെ.ബിനുമോൾ (സി.പി.എം ഡെമ്മി) നേരത്തെ പത്രിക പിൻവലിച്ചിരുന്നു. സി. കൃഷ്ണകുമാർ (ഭാരതീയ ജനതാ പാർട്ടി),രാഹുൽ മാങ്കൂട്ടത്തിൽ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്),ഡോ.പി.സരിൻ (എൽ.ഡി.എഫ് സ്വതന്ത്രൻ),സ്വതന്ത്ര സ്ഥാനാർത്ഥികളായി രാഹുൽ.ആർ,ബി.ഷമീർ,ഇരിപ്പുശ്ശേരി സിദ്ധീഖ്,രാഹുൽ ആർ. വടക്കന്തറ,സെൽവൻ. എസ്,രാജേഷ് .എം,എൻ.എസ്.കെ പുരം ശശികുമാർ എന്നിവർ മത്സരിക്കും.
സരിന് ചിഹ്നം
സ്റ്റെതസ്കോപ്പ്
എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി.സരിന് സ്റ്റെതസ്കോപ്പ് ചിഹ്നം അനുവദിച്ചു. ഡോക്ടറും മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ സരിൻ ഓട്ടോറിക്ഷ ചിഹ്നത്തിനാണ് പ്രഥമ പരിഗണന നൽകിയത്. എന്നാൽ മറ്റ് രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികൾ ഓട്ടോറിക്ഷ ചിഹ്നം ആവശ്യപ്പെട്ടതോടെ മൂന്ന് പേർക്കുമായി നറുക്കെടുപ്പ് നടത്തി. ഇതിൽ സരിന് സ്റ്റെതസ്കോപ്പാണ് ചിഹ്നമായി കിട്ടിയത്. പാലക്കാടിന്റെ ഹൃദയതാളം അറിയാൻ സ്റ്റെതസ്കോപ്പ് ഉപകരിക്കും. കൂടാതെ ചിലരുടെയെല്ലാം ചങ്കിടിപ്പ് അറിയാൻ സ്റ്റെതസ്കോപ്പിലൂടെ സാധിക്കുമെന്നും സരിൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |