കോട്ടയം: എന്നായാലും എപ്പോഴായാലും നെൽകർഷകന് ശനിദശയാണ്. മുമ്പ് താര (കിഴിവ്)യുടെ പേരിലായിരുന്നു ചൂഷണം. ഇപ്പോൾ കൊയ്ത്ത് യന്ത്രത്തിന്റെ പേരിലാണ് പിഴിയൽ. സർക്കാർ സബ്സിഡി വഴി കൊയ്തുയന്ത്രം കൂട്ടത്തോടെ വാങ്ങിയ ഏജന്റുമാർ കൂലികൂട്ടിയാണ് നെൽകർഷകരെ കൊള്ളയടിക്കുന്നത്. അപ്പർകുട്ടനാട്ടിൽ കൊയ്ത്തിന്റെ ആദ്യഘട്ടത്തിൽ മണിക്കൂറിന് 2000 രൂപ കൂലി വാങ്ങിയിരുന്നത് പുഞ്ചകൊയ്ത്ത് സജീവമായതോടെ 2400 രൂപയായാണ് ഏജന്റുമാർ വർദ്ധിപ്പിച്ചത്. കാർഷികമേലയിൽ യന്ത്രവത്ക്കരണം പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര ,സംസ്ഥാന സർക്കാരുകൾ 80 ശതമാനം സബ്സിഡിയാണ് കൊയ്തുയന്ത്രം വാങ്ങാൻ നൽകുന്നത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കേരളത്തിലെ ഏജന്റുമാർ കൊയ്തുയന്ത്രം കൂട്ടമായി വാങ്ങി തമിഴ്നാട് ലോബിക്ക് മറിച്ചുവിൽക്കും. അവിടെ നിന്ന് പഴയ കൊയ്ത്തുയന്ത്രം കൊണ്ടുവരുന്നതിന് ഇടനിലക്കാരായി നിന്ന് കമ്മീഷൻ അടിച്ചുമാറ്റുന്നതും ഏജന്റുമാരാണ്. അഗ്രോ വിഭാഗത്തിലെ പഴയ കൊയ്തു യന്ത്രവും ലേലത്തിൽ വാങ്ങുന്നതും ഏജന്റുമാരാണ്. കൃഷിവകുപ്പ് എൻജിനിയറിംഗ് വിഭാഗത്തിന്റെ സഹായത്താൽ കാര്യമായ കേടുപാടുകളില്ലാത്ത കൊയ്ത്തുയന്ത്രം വാങ്ങി തമിഴ്നാട്ടിലെ ലോബിക്ക് വിൽക്കുന്നതും അറ്റകുറ്റപണി നടത്തി വീണ്ടും കേരളത്തിൽ എത്തിക്കുന്നതിന് പിന്നിലും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടൽ വ്യക്തമാണ്.
ഉന്നത ഇടപെടലിൽ നടപടിയില്ല
ഉന്നതരാഷ്ട്രീയ സമ്മർദ്ദത്താൽ ഉദ്യോഗസ്ഥർ ഉൾപ്പെട്ട ലോബിക്കെതിരെ നടപടിയുണ്ടാകാറില്ല. പഴയ കൊയ്ത്തുയന്ത്രം ഉപയോഗിച്ചാൽ കൊയ്ത്തിന് കൂടുതൽ സമയമെടുക്കും. കൂലി കൂടും. ഇതനുസരിച്ച് ഏജന്റുമാരുടെ വരുമാനവും കൂടും. പാടശേഖരസമിതിക്കും നെൽകർഷകർക്കുമാണ് നഷ്ടമുണ്ടാകുന്നത്. കൊയ്ത്തുയന്ത്രത്തിന്റെ വാടക നിശ്ചയിക്കാൻ കളക്ടർ മുൻകൈയെടുത്ത് കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെയും പാടശേഖരസമിതിയുടെയും യോഗം വിളിക്കാറുണ്ട്. ഈ വർഷം യോഗം നടന്നിട്ടില്ല. മണിക്കൂറിന് 400 രൂപ ഏജന്റുമാർ സ്വയംകൂട്ടി പാടശേഖരസമിതിയെ അറിയിക്കുകയായിരുന്നു.
കർഷകൻ എല്ലാ സഹിക്കും
കൊയ്ത്തു വൈകിയാൽ നെൽച്ചെടികൾ ചാഞ്ഞു കതിർമണികൾ കൊഴിയും. ഇത് വിളവ് കുറയാൻ കാരണമാകും. ഈ സാഹചര്യത്തിൽ ഏജന്റുമാർ പറയുന്ന കൂലി നൽകാൻ കർഷകർ നിർബന്ധിതരാകുകയാണ്.
കൊയ്ത്ത് യന്ത്രത്തിന്റെ കൂലി വർദ്ധിപ്പിച്ചതിൽ യാതൊരു ന്യായീകരണവുമില്ല. വിഷയത്തിൽ സർക്കാർ ഇടപെടലുണ്ടാകണം.
എബി ഐപ്പ് (കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി)
കൊയ്ത്ത് യന്ത്രം കൂലി (മണിക്കൂറിന്)
മുമ്പ്: 2000
നിലവിൽ:2400
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |