തിരുവനന്തപുരം: ആഫ്രിക്കയിൽ നിന്ന് ജിറാഫിനെയും സീബ്രയെയും തിരുവനന്തപുരം മൃഗശാലയിലെത്തിക്കാൻ നീക്കം. ഇതിനായി കേന്ദ്ര മൃഗശാല അതോറിട്ടിയുടെ അനുമതി തേടാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇതോടൊപ്പം മറ്റ് സംസ്ഥാനങ്ങളിലെ മൃഗശാലകളിൽ നിന്ന് ജിറാഫിനെയും സീബ്രയെയും തിരുവനന്തപുരത്തെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മൃഗശാല അധികൃതർ പറഞ്ഞു. വിദേശത്തുനിന്ന് നേരത്തെ ജിറാഫിനെയും സീബ്രയെയും എത്തിക്കാൻ ശ്രമിച്ചിരുന്നെങ്കിലും നിയമപരവും സാങ്കേതികവുമായ തടസങ്ങളാൽ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന കാര്യവും പരിഗണിക്കുന്നത്. മൃഗശാലയിലെ മൃഗങ്ങളുടെ കുറവ് കഴിഞ്ഞ വേനലവധിക്ക് സന്ദർശകരുടെ വരവിനെ ബാധിച്ചിരുന്നു. ഈ പ്രശ്നം കണക്കിലെടുത്താണ് കൂടുതൽ മൃഗങ്ങളെ എത്തിക്കുന്നത്.
കഴുതപ്പുലികളും മാർഷ് മുതലയും
ദിവസങ്ങൾക്കകം പുതിയ അതിഥികൾ മൃഗശാലയിലെത്തും. മൂന്ന് പെൺ കഴുതപ്പുലികൾ, ഒരു ജോഡി വീതമുള്ള മാർഷ് മുതല, ജക്കാൾ(കുറുക്കൻ), മരപ്പട്ടി എന്നിവയാണ് കർണാടകയിലെ ഷിമോഗ മൃഗശാലയിൽ നിന്നെത്തുന്നത്. ഇത് അടുത്തയാഴ്ചയോടെ എത്തിയേക്കും. ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് മഞ്ഞ അനാക്കോണ്ട,വെള്ള മയിൽ,ചെന്നായ എന്നിവയെ എത്തിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. മറ്റിടങ്ങളിൽ നിന്ന് മൃഗശാലയിലേക്കെത്തിക്കുന്ന പക്ഷിമൃഗാദികളെ ക്വാറന്റീൻ സെന്ററിൽ പാർപ്പിച്ച് പ്രശ്നങ്ങളില്ലെന്ന് ബോദ്ധ്യപ്പെട്ടതിന് ശേഷം മാത്രമാണ് സന്ദർശകർക്ക് കാണാനുള്ള കൂട്ടിലേക്ക് മാറ്റുക. കാലാവസ്ഥയോടും രീതികളോടും മൃഗങ്ങൾ പൊരുത്തപ്പെടാനും ഇവരുടെ ഭക്ഷണരീതികളും ആരോഗ്യസ്ഥിതിയും നിരീക്ഷിക്കാനുമാണ് ക്വാറന്റീനിൽ പ്രവേശിപ്പിക്കുന്നത്.
പകരത്തിന് പകരം
9 മൃഗങ്ങൾ മൃഗശാലയിലെത്തുമ്പോൾ പകരം കർണാടകയിലെ ഷിമോഗ മൃഗശാലയിലേക്ക് 15 പക്ഷിമൃഗാദികളെ കൊണ്ടുപോകും. മുള്ളൻപന്നി,മീൻമുതല,റിയ (അമേരിക്കൻ ഒട്ടകപ്പക്ഷി),സൺ പേരക്കീറ്റ് എന്നറിയപ്പെടുന്ന സൺ കോണൂർ,കഴുതപ്പുലി എന്നിവയെയാണ് കൊണ്ടുപോകുന്നത്.
ഏകദേശം 30 മുള്ളൻ പന്നികളാണ് ഇവിടെയുള്ളത്. ഇതിൽ ഒരു ജോഡി മുള്ളൻ പന്നികളെ കൊണ്ടുപോകും.6 മീൻമുതലകളിൽ നിന്ന് ഒരു ജോഡിയും 26 റിയകളിൽ നിന്ന് 2 ജോഡിയും 5 കഴുതപ്പുലികളിൽ നിന്ന് 1 ആൺകഴുതപ്പുലിയും 26 സൺ കോണൂറിൽ നിന്ന് മൂന്ന് ജോഡികളും പകരം കൊണ്ടുപോകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |