കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. രണ്ടുദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലീസ് നൽകിയതെങ്കിലും ഇന്നുവൈകിട്ട് അഞ്ചുമണിവരെ മാത്രം കസ്റ്റഡി അനുവദിക്കുകയായിരുന്നു കണ്ണൂർ ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേട്ടു കോടതി. വൈകിട്ട് അഞ്ച് മണിക്ക് ദിവ്യയെ തിരികെ കോടതിയിൽ ഹാജരാക്കണം.
കസ്റ്റഡി അനുവദിച്ചതിനെത്തുടർന്ന് ദിവ്യയെ ചോദ്യം ചെയ്യുന്നതിനായി എസിപി ഓഫീസിലേക്ക് കൊണ്ടുപാേയിട്ടുണ്ട്. അറസ്റ്റിലായ അന്ന് പൊലീസ് ദിവ്യയെ ചോദ്യംചെയ്തെങ്കിലും പല കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഇതിൽ വ്യക്തത വരുത്താൻ വേണ്ടിയാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്. കോടതിക്ക് പുറത്തേക്ക് കൊണ്ടുവരുന്നതിനിടെ മാദ്ധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും ദിവ്യ പ്രതികരിക്കാൻ തയ്യാറായില്ല.
അതിനിടെ ദിവ്യയുടെ ജാമ്യ ഹർജി ഇന്ന് തലശേരി കോടതി പരിഗണിക്കും. ഹർജിയിൽ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷി ചേരും. കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിനു പിന്നാലെ കഴിഞ്ഞദിവസമാണ് ദിവ്യ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയത്. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട ദിവ്യ പള്ളിക്കുന്ന് വനിതാ ജയിലിലാണ് കഴിഞ്ഞിരുന്നത്.
ജയിലിൽ ദിവ്യയ്ക്ക് സുഖം
ദിവ്യയുടെ ജയിൽ വാസം ജീവനക്കാരുമായി സൗഹൃദ സംഭാഷണത്തിൽ മുഴുകിയും പത്രങ്ങൾ വായിച്ചും. മുൻ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തക എന്ന നിലയിൽ വിവിധ സമരങ്ങളുമായി ബന്ധപ്പെട്ട് നേരത്തേയും ദിവ്യ റിമാൻഡിലായിട്ടുണ്ട്. റിമാൻഡ് തടവുകാരിയായതിനാൽ കൂടുതൽ നിയന്ത്രണങ്ങളൊന്നും സെൻട്രൽ ജയിലിനോടു ചേർന്ന വനിതാജയിലിലില്ല. ഇഷ്ടമുള്ള വസ്ത്രം ധരിക്കാം.രണ്ട് ബ്ലോക്കുകളാണ് വനിതാ ജയിലിനുള്ളത്. ആദ്യത്തെ ബ്ലോക്കിലാണ് ദിവ്യ. ഇത് പുതിയ കെട്ടിടമായതിനാൽ മികച്ച സൗകര്യങ്ങളുണ്ട്. സെൽ മുറിയിൽ ഒറ്റയ്ക്കാണ് ദിവ്യയെ പാർപ്പിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |