പെരുമ്പാവൂർ: ശബ്ദമാധുര്യത്താൽ ആരെയും പിടിച്ചിരിത്തുന്ന സംഗീതമാണ് റിദമോളുടേത്. പാട്ടിന്റെ ലോകത്തെത്തിയാൽ കെ.എൻ. റിദമോൾ തന്റെ പരിമിതികളെയെല്ലാം മറക്കും. തന്റെ സംഗീത സപര്യയ്ക്ക് പുതിയ അംഗീകാരം ലഭിച്ച സന്തോഷത്തിലാണ് ശീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ മുഖ്യ കേന്ദ്രത്തിലെ സംഗീത വിദ്യാർത്ഥിനിയായ റിദമോൾ. സംസ്ഥാന സർക്കാരിന്റെ കീഴിൽ സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന ഔദ്യോഗിക കലാ ഗ്രൂപ്പ് പദ്ധതി പരിധികളില്ലാതെ പറന്നുയരാം അനുയാത്ര റിഥം കലാ ഗ്രൂപ്പിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്.
സാധാരണ ഭിന്നശേഷിത്വത്തിൽ നിന്ന് വിഭിന്നമായി കാഴ്ച ചലന പരിമിതിക്കൊപ്പം സെറിബ്രൽ പാൽസി അവസ്ഥയെയും മറികടന്നാണ് റിദയുടെ പ്രയാണം. സംസ്ഥാനത്തെ 500ലധികം കലാപ്രതിഭകളിൽ നിന്ന് മൂന്ന് ഘട്ടമായി വിദഗ്ദ്ധരായ പാനലിസ്റ്റുകളുടെ നേതൃത്വത്തിൽ നടത്തിയ ടാലന്റ് സെർച്ച് പ്രോഗ്രാമിലൂടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
കർണാടക സംഗീതം ഉൾപ്പെടെയുള്ള സംഗീതമേഖലകളിൽ കഴിവ് തെളിയിച്ച റിദമോൾ. നിരവധി പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. പാട്ടിൻ തേൻകണം ഉൾപ്പെടെയുള്ള സംഗീത കൂട്ടായ്മയിൽ അംഗമാണ്. മന്ത്രി ഡോ. ആർ. ബിന്ദു റിഥം കലാശില്പവും ഔദ്യോഗിക സർട്ടിഫിക്കറ്റും പ്രത്യേക ഉപഹാരവും കൈമാറി. റിഥം ആർട്ട് ഗ്രൂപ്പ് ലോഞ്ചിംഗിന്റെ ദീപം ഉദ്ഘാടന വേദിയിൽ സംഗീതം അവതരിപ്പിച്ചു. പെരുമ്പാവൂർ മുടിക്കൽ കെ.എം. നാസറിന്റെയും ലൈല ബീവിയുടെയും ഇളയ മകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |