ആലപ്പുഴ : വള്ളംകളി മത്സരഫലങ്ങൾ കുറ്റമറ്റതാക്കാൻ സ്റ്റാർട്ടിംഗിനൊപ്പം ഫിനിഷിംഗിനും നൂതന സാങ്കേതിക വിദ്യയുമായി സംരംഭകനായ ഋഷികേശ് രംഗത്തെത്തി. നെഹ്രുട്രോഫി ജലോത്സവജേതാവാകാൻ ക്ളബ്ബുകൾ കോടതി കയറേണ്ടി വന്ന സാഹചര്യത്തിലാണ് മികച്ച സ്റ്റാർട്ടിംഗ് സംവിധാനത്തിന്റെ നിർമ്മാതാവ് കൂടിയായ ഋഷികേശ് പുതിയ സംവിധാനവുമായി എത്തിയത്.
2017ലെ നെഹ്റുട്രോഫി വള്ളംകളിയുടെ സ്റ്റാർട്ടിംഗ് പരാജയത്തെ തുടർന്ന് അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ഡോ. റ്റി.എം തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ ജില്ലാകളക്ടർ ചെയർമാനും ആർ.ഡി.ഒ സെക്രട്ടറിയുമായുള്ള ഒരു സമിതി കുറ്റമറ്റ സ്റ്റിൽസ്റ്റാർട്ട് സംവിധാനത്തിനായി ക്ഷണിച്ച അപേക്ഷ പ്രകാരമാണ് സ്റ്റാർട്ടിംഗ് പോയിന്റിൽ വള്ളങ്ങളെ പിന്നിൽ നിന്ന് നിയന്ത്രിക്കുന്ന ഋഷികേശ് രൂപ കൽപ്പന ചെയ്ത സംവിധാനം പരീക്ഷിക്കപ്പെട്ടത്.
ഐ.ഐ.എം കോഴിക്കോട്, ഐ.ഐ.റ്റി കാൺപൂർ, കുസാറ്റ് മുതലായ ഇന്ത്യയിലെ സാങ്കേതിക സ്ഥാപനങ്ങളുടെ സാങ്കേതിക വിദ്യകളെ പിന്നിലാക്കിയായിരുന്നു ഋഷികേശിന്റെ മാതൃക അംഗീകരിക്കപ്പെട്ടത്.
2019ലെ സി.ബി.എല്ലുൾപ്പെടെ 2018, 2019, 2022 വർഷങ്ങളിലെ വള്ളംകളി വിജയകരമായി നടത്തുവാൻ ഇത് ഉപകരിച്ചു. 2022ലെ സിബിഎൽ മത്സരങ്ങളിൽ ഇന്ത്യൻ പേറ്റന്റിന് സമർപ്പിച്ചിട്ടുള്ള തന്റെ സാങ്കേതികവിദ്യ യുടെ വ്യാജപതിപ്പ് ഉണ്ടാക്കി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ചിലർ സി.ബി.എൽ മത്സരങ്ങൾക്കുപയോഗിച്ചതായി ഋഷികേശ് പറഞ്ഞു . ചുണ്ടൻവള്ളങ്ങളെ പുറകോട്ടു പിടിച്ചുനിർത്തുവാൻ വ്യാജ സംവിധാനം അപര്യാപ്തമായിരുന്നുവെന്ന് ചുണ്ടൻവള്ളങ്ങളുടെ തുഴ ച്ചിലുകാർ അന്നേ ആരോപിച്ചിരുന്നു.
അവാർഡ് തിരികെ നൽകും
സ്റ്റാർട്ട് പറയുംമുൻപേ ചില വള്ളങ്ങൾ ലോക്കിൽ നിന്ന് വിട്ടുപോകുകയും ഫലപ്രഖ്യാപനം വിവാദമാകുകയും ചെയ്ത സാഹചര്യത്തിൽ 70-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ സ്റ്റാർട്ടിംഗ് സംവിധാനത്തിന്റെ പ്രവർത്തനക്ഷമത ജനങ്ങളെ ബോധിപ്പിക്കാൻ കളക്ടറും ആർ.ഡി.ഒയും തയ്യാറാകണമെന്ന് ഋഷികേശ് ആവശ്യപ്പെട്ടു. കളക‌്ടറും ആർ.ഡി.ഒയും ഇതിനു മുതിരാത്തപക്ഷംഇന്നവേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ 2015ൽ നൽകിയ അവാർഡ് മുഖ്യമന്ത്രി മുഖാന്തിരം കേന്ദ്രത്തിന് തിരികെ നൽകുമെന്നും പേറ്റന്റ് പരിഗണനയിലിരിക്കുന്ന സ്റ്റാർട്ടിംഗ് സംവിധാനം കളക്ട്രേറ്റിന്റെ മുൻപിൽവച്ച് അഗ്നിക്കിരയാക്കുമെന്നും ഋഷികേശ് പറഞ്ഞു.
ലോകത്തെവിടെയിരുന്നും ഏതുരാജ്യത്തിന്റകെ പ്രസിഡന്റിനോ മറ്റു വിശിഷ്‌ടവ്യക്തികൾക്കോ നെഹ്റുട്രോഫി വള്ളംകളി സ്റ്റാർട്ട് ചെയ്യാനുള്ള സംരംഭം താൻ വികസിപ്പിച്ചതായും ഋഷികേശ് അറിയിച്ചു. ഋഷികേശിന് കെൽട്രോണിൽ ജോലി നൽകാനോ വള്ളംകളിയുടെ റിസോഴ്സ് പെഴ്സണാക്കാനോ സർക്കാർ തയ്യാറാകണമെന്ന് വള്ളംകളി സംരക്ഷണ സമിതി പ്രതിനിധി ജോർജ് കുട്ടി കരിയനാപ്പള്ളി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |