തിരുവനന്തപുരം: മതിയായ സൗകര്യങ്ങളില്ലാതെ സ്വാശ്രയ മെഡിക്കൽ കോളേജുകൾ പൂട്ടിപ്പോയാലും വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ ഓരോ മാനേജ്മെന്റിൽ നിന്നും സർക്കാർ 3.27 കോടി വീതം സമാഹരിച്ച് പ്രത്യേകഫണ്ടുണ്ടാക്കുന്നു.
കോളേജുകൾ തുടങ്ങാനും എം.ബി.ബി.എസ്, പി.ജി സീറ്റുകളുടെ എണ്ണംകൂട്ടാനും ഓരോ സ്ഥാപനവും 3,27,60,000 രൂപയുടെ ബാങ്ക് ഗ്യാരന്റി നൽകണമെന്നാണ് അഡി.ചീഫ്സെക്രട്ടറി രാജൻ ഖൊബ്രഗഡെയുടെ ഉത്തരവിൽ പറയുന്നത്.
പൂട്ടിപ്പോവുന്ന കോളേജുകളിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്ന കുട്ടികളുടെ ഫീസ്, സ്റ്റൈപ്പന്റ് എന്നിവ നൽകുക ഈ ഫണ്ടിൽ നിന്നായിരിക്കും.
കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽകോളേജ് പൂട്ടിയപ്പോൾ, വിദ്യാർത്ഥികളുടെ സ്റ്റൈപ്പന്റ് ഇനത്തിൽ സർക്കാരിന് ഭീമമായ ബാദ്ധ്യതയുണ്ടായിരുന്നു. പാലക്കാട്ടെ കേരളാ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ മാറ്റത്തിലും ഫീസ് സർക്കാരിന് നൽകേണ്ടിവന്നു. ഇതേത്തുടർന്നാണ് മാനേജ്മെന്റുകളിൽ നിന്ന് പ്രത്യേക ഫണ്ടുണ്ടാക്കാനുള്ള ഉത്തരവ്.
കോളേജുകൾ പൂട്ടുന്നതിനാലോ അടിസ്ഥാനസൗകര്യങ്ങളില്ലാത്തതിനാലോ വിദ്യാർത്ഥികളുടെ പഠനം പാതിവഴിയിലാവാതിരിക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്ന് സുപ്രീംകോടതി 2022ഏപ്രിലിൽ ഉത്തരവിട്ടിരുന്നു.
സംസ്ഥാന സർക്കാർ നൽകുന്ന എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റിന്റെ കൂടി അടിസ്ഥാനത്തിലാണ് സ്വാശ്രയ മെഡിക്കൽകോളേജുകൾക്ക് മെഡിക്കൽ കമ്മിഷൻ അനുമതി നൽകുന്നത്. കമ്മിഷൻ മാനദണ്ഡപ്രകാരമുള്ള അടിസ്ഥാനസൗകര്യങ്ങളൊരുക്കാൻ മാനേജ്മെന്റുകൾ പരാജയപ്പെട്ടാലോ, പുതുതായി പ്രവേശനം കമ്മിഷൻ തടഞ്ഞാലോ നിലവിലെ കുട്ടികളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കേണ്ടതുണ്ട്. മെഡിക്കൽ വിദ്യാഭ്യാസഡയറക്ടറോ ഫിനാൻസ് ഓഫീസറോ ബാങ്ക് ഗ്യാരന്റിയുടെ സാധുത ഉറപ്പിക്കണം.
ഗ്യാരന്റിയിൽ അവ്യക്തത
# നിലവിലുള്ള കോളേജുകൾ ഗ്യാരന്റി നൽകണോ എന്നത് ഉത്തരവിൽ വ്യക്തമല്ല.
എം.ബി.ബി.എസ് കോഴ്സ് തുടങ്ങാനും സീറ്റുകൾ കൂട്ടാനും പി.ജി കോഴ്സ് ആരംഭിക്കാനും സംസ്ഥാന അനുമതി വേണം. എന്നാൽ പി.ജി സീറ്റ് കൂട്ടാൻ അനുമതിവേണ്ട. അക്കാര്യത്തിൽ ഗ്യാരന്റി ഉറപ്പിക്കാൻ സർക്കാരിനാവില്ല.
#എത്രസീറ്റുകൾക്കാണ് 3.27 കോടി ഗ്യാരന്റിയെന്ന് വ്യക്തമാക്കുന്നില്ല. എം.ബി.ബി.എസിന് 100-150 സീറ്റുകളുണ്ട്. അതേസമയം പി.ജിക്ക് ഒരു സീറ്റ് കൂട്ടാനും 3.27കോടി ഗ്യാരന്റി നൽകണമെന്ന നിർദ്ദേശം നിലനിൽക്കുന്നതല്ല.
സ്വത്തുക്കൾ
ഏറ്റെടുക്കില്ല
പൂട്ടിപ്പോയ കേരളാ മെഡിക്കൽകോളേജിന്റെ ആസ്തികൾ ആറു മാസത്തിനകം ജപ്തിചെയ്ത് വിദ്യാർത്ഥികളുടെ പഠനത്തിനുള്ള പണംകണ്ടെത്താൻ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും പ്രായോഗികല്ലെന്നായിരുന്നു സുപ്രീംകോടതിയിൽ സർക്കാർ നിലപാട്. ഇതിനാലാണ് ഫീസ് സർക്കാർ അടയ്ക്കാൻ കോടതി ഉത്തരവിട്ടത്. പൂട്ടിപ്പോയ കോളേജുകളുടെ സ്വത്തുക്കൾ ഏറ്റെടുത്തിട്ടില്ല.
# 300കോടി
പുതിയ മെഡി.കോളേജ്
തുടങ്ങാനുള്ള ചെലവ്
കോളേജ് പൂട്ടിയാൽ
സർക്കാരിന് ബാദ്ധ്യത
# കുട്ടികളെ മറ്റ് സ്വാശ്രയകോളേജുകളിലേക്ക് മാറ്റണം
# പുതിയ കോളേജിലെ ഫീസും ചെലവും വഹിക്കണം
# ഹൗസ് സർജൻസി സ്വകാര്യാശുപത്രികളിലുമാവാം
# ഇവരുടെ സ്റ്റെപ്പൻഡും സർക്കാർ നൽകേണ്ടിവരും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |