കൊച്ചി: നിയമപരമായി വിവാഹിതരായിട്ടില്ലെങ്കിൽ ഗാർഹിക പീഡനക്കുറ്റം സ്ത്രീയുടെ പങ്കാളിക്കെതിരെയോ പങ്കാളിയുടെ ബന്ധുക്കൾക്കെതിരെയോ ബാധകമാകില്ലെന്ന് ഹൈക്കോടതി. നിയമപ്രകാരമുള്ള വിവാഹമല്ലെങ്കിൽ പങ്കാളിയെ ഭർത്താവായി കണക്കാക്കാനാവില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
തിരുവനന്തപുരം മണക്കാട് സ്വദേശിയായ യുവാവിനെതിരെ കൊല്ലം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസ് ഹൈക്കോടതി റദ്ദാക്കി.2009ലാണ് ഹർജിക്കാരനും യുവതിയും ഒരുമിച്ചു താമസം തുടങ്ങിയത്. യുവതി ആദ്യ വിവാഹബന്ധം വേർപെടുത്താത്ത സാഹചര്യത്തിൽ രണ്ടാം വിവാഹത്തിന് നിയമസാധുതയില്ലെന്ന് 2013ൽ കുടുംബ കോടതി വിധിച്ചിരുന്നു. ഒരുമിച്ചു ജീവിച്ച കാലത്ത് ഹർജിക്കാരൻ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് യുവതിയുടെ പരാതി.
വിവാഹബന്ധം സാധുവല്ലെന്ന് കുടുംബ കോടതി വിധിച്ചതിനാൽ തന്നെ ഭർത്താവായി കാണാനാവില്ലെന്ന് ഹർജിക്കാരൻ വാദിച്ചു. ഭർത്താവോ ഭർതൃബന്ധുക്കളോ ഉപദ്രവിക്കുന്നതു മാത്രമാണ് ഗാർഹിക പീഡന നിയമയ വ്യവസ്ഥയുടെ (ഐ.പി.സി 498എ, ബി.എൻ.എസ് 85) നിർവചനത്തിൽ വരുന്നതെന്നും ചൂണ്ടിക്കാട്ടി. സുപ്രീംകോടതി ഉത്തരവുകളടക്കം വിലയിരുത്തിയ സിംഗിൾബെഞ്ച്, യുവാവിന്റെ വാദം ശരി വച്ച് കേസിന്റെ തുടർനടപടികൾ റദ്ദാക്കുകയായിരുന്നു. നിയമപരമായി ഭർത്താവല്ലാത്തതിനാൽ ഈ വകുപ്പുകൾ പ്രകാരമുളള കുറ്റകൃത്യം ഏതു കാലഘട്ടത്തിൽ നടന്നതായാലും നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |