കോഴിക്കോട്: ' ഭക്ഷണം നൽകുന്ന കൈകളെ ആരും മറക്കില്ല, എവിടെവച്ച് കണ്ടാലും കമലേച്ചീ.. എന്ന സ്നേഹത്തോടെയുള്ള കുട്ടികളുടെ വിളിയാണ് ഇത്രയും കാലത്തെ ജീവിതത്തിലെ വിലപ്പെട്ട സമ്പാദ്യം. സ്കൂളിൽ ഉച്ചക്കഞ്ഞിയായിരുന്ന കാലംതൊട്ട് ഇന്നത്തെ വിഭവ സമൃദ്ധമായ ഊണ് വരെ വലിയൊരു കാലത്തിന്റെ ഓർമകളുണ്ട് എന്നും കൂട്ടിന്. ' മുപ്പത്തിയഞ്ച് വർഷമായി പേരാമ്പ്ര കല്ലോട് ജി.എൽ.പി സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പുന്ന കമലേച്ചി നിറഞ്ഞ ചിരിയോടെ പറഞ്ഞു നിർത്തി. സ്കൂൾ പാചക തൊഴിലാളികൾക്കായി പൊതുവിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച ഒരു മണിക്കൂറിൽ പോഷക സമൃദ്ധമായ ഒരു പച്ചക്കറി വിഭവം, 'എരൂം പുളിയും' എന്ന പേരിൽ ജില്ലാ പാചകമത്സരത്തിനെത്തിയതായിരുന്നു ഇവർ. വിവിധ ഉപജില്ലകളിൽ നിന്നായി പതിനേഴ് പേർ മത്സരത്തിനുണ്ടായിരുന്നു.
ചീര, മുരിങ്ങയില, ചേമ്പ്, ചേന, പപ്പായ, ചക്ക തുടങ്ങി നാട്ടിൻ പുറങ്ങളിൽ സമൃദ്ധമായി കാണുന്ന പച്ചക്കറികളുപയോഗിച്ചാണ് ഏവരും വിഭവങ്ങളൊരുക്കിയത്. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ പാചക മത്സരം ഉദ്ഘാടനം ചെയ്തു.
വള്ളിയാട് ഈസ്റ്റ് എൽ.പി സ്കൂളിലെ പാചക തൊഴിലാളിയായ പി. ശോഭ ഒന്നാം സ്ഥാനം നേടി. രാമനാട്ടുകര എ.ഇ.എ.യു.പി.എസിലെ പുഷ്പ കെ, എരവന്നൂർ എ.എം.എൽ.പി.എസിലെ റഷീദ എൻ.പി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രത്യേക സമ്മാനങ്ങളുണ്ടായിരുന്നു.
ഇലത്തോരൻ തയ്യാറാക്കാം
വിവിധ തരം ഇലകളുപയോഗിച്ചുണ്ടാക്കിയ തോരനാണ് ശോഭ തയ്യാറാക്കിയത്. നമ്മുടെ പറമ്പിലുള്ള ഇലകളായ മുരിങ്ങയില, ചീര, സാമ്പാർ ചീര, ചായമൻസ, മത്തനില, തഴുതാമ ഇല തുടങ്ങിയവ ഉപയോഗിച്ചാണ് ഈ തോരൻ തയ്യാറാക്കുന്നത്. മത്സരശേഷം, തയ്യാറാക്കിയ വിഭവങ്ങൾ കാണികളായ കുട്ടികൾക്ക് നൽകാനായിരുന്നു ഏവർക്കും തിടുക്കം.ഉച്ചഭക്ഷണത്തിന്റെ കാര്യത്തിൽ സ്കൂളുകൾ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തും ആവുന്നത്ര വിഭവങ്ങൾ കുട്ടികൾക്കായി ഒരുക്കാറുണ്ടെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |