മലപ്പുറം: പഴയ വസ്ത്രങ്ങൾ ഉപയോഗിച്ച് പുനരുപയോഗ വസ്തുക്കൾ നിർമ്മിക്കുന്ന കുടുംബശ്രീ ജില്ലാ മിഷന്റെ ടെക്സ്‌റ്റൈൽ റീസൈക്ലിംഗ് ഹബ് പദ്ധതിക്ക് തുക വകയിരുത്താതെ ബ്ലോക്ക് പഞ്ചായത്തുകൾ. ഒരു ബ്ലോക്ക് പഞ്ചായത്ത് 2.96 ലക്ഷം രൂപയെന്ന തോതിൽ ജില്ലയിലെ 15 ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നായി 44.40 ലക്ഷം രൂപയാണ് പദ്ധതിയുടെ നടത്തിപ്പിനായി വേണ്ടത്. എന്നാൽ ലഭിച്ചത് 20.92 ലക്ഷം രൂപ മാത്രം. നിലമ്പൂർ, തിരൂർ, അരീക്കോട്, മങ്കട, കാളികാവ്, പൊന്നാനി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തുകൾ മാത്രമാണ് തുക വകയിരുത്തിയത്. പദ്ധതി തുടങ്ങാൻ വൈകിയതോടെ ബ്ലോക്ക് പഞ്ചായത്തുകൾ ഫണ്ട് മറ്റ് പദ്ധതികൾക്കായി വകയിരുത്തി. ഇതോടെ കഴിഞ്ഞ വർഷം ഒക്ടോബറിൽ നടപ്പാക്കാൻ ലക്ഷ്യമിട്ട പദ്ധതി ഇതുവരെ യഥാർത്ഥ്യമായിട്ടില്ല. പദ്ധതി എന്ന് യാഥാർത്ഥ്യമാവുമെന്ന കാര്യത്തിൽ കുടുംബശ്രീ ജില്ലാ മിഷനും യാതൊരു ഉറപ്പുമില്ല. ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള സ്‌കിൽ ട്രെയിനിംഗിനും മെഷിനറി വാങ്ങുന്നതിനുമാണ് ബ്ലോക്ക് പഞ്ചായത്തുകൾ അനുവദിക്കുന്ന തുക വിനിയോഗിക്കുക.
മികച്ച ആശയം, എന്നിട്ടും
വീടുകളിൽ നിന്ന് ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിക്കുന്ന പഴയ വസ്ത്രങ്ങൾ അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് പകരം അതത് പ്രദേശത്ത് തന്നെ പുതിയ ഉല്പന്നങ്ങളാക്കി മാറ്റിയെടുക്കുകയാണ് ലക്ഷ്യം. തുണിസഞ്ചി, കിടക്ക, ചവിട്ടി, പാവ, മറ്റ് കരകൗശല വസ്തുക്കൾ തുടങ്ങിയ നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇവ നിർമ്മിക്കാനായി എംപാനൽ ഏജൻസി മുഖേന ഒരാഴ്ച മുതൽ ഒരുമാസം വരെ നീണ്ടുനിൽക്കുന്ന പരിശീലനത്തിന് കഴിഞ്ഞ വർഷം ഒക്ടോബറിൽ തുടക്കമിടുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ അധികൃതർ അറിയിച്ചിരുന്നെങ്കിലും ഇതുവരെയും നടപ്പായില്ല. വനിതകൾക്ക് മികച്ച വരുമാനം ഉറപ്പാക്കുന്ന പദ്ധതിയാണ് ബ്ലോക്ക് പഞ്ചായത്തുകൾ മുഖംതിരിച്ചതോടെ മുടന്തിയത്.
തുക വകയിരുത്തുന്ന ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ളവർക്ക് മാത്രം പരിശീലനം നൽകി പദ്ധതി നടപ്പാക്കാൻ ആലോചിക്കുന്നുണ്ട്.
കുടുംബശ്രീ ജില്ലാ മിഷൻ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |