പത്തനംതിട്ട : കുറഞ്ഞ ചെലവിൽ ലോക ക്ലാസിക്ക് ചലച്ചിത്രങ്ങൾ കാണാൻ അവസരം ഒരുക്കുകയാണ് പത്തനംതിട്ട ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (ഐ എഫ് എഫ് പി). മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 28 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്. 18 ഇന്ത്യൻ ചിത്രങ്ങളിൽ 13 എണ്ണം മലയാളത്തിൽ നിന്നാണ്. ഡോ. ബിജു സംവിധാനം നിർവ്വഹിച്ച് 2023 ൽ പുറത്തിറങ്ങിയ അദൃശ്യ ജാലകങ്ങൾ, ആനന്ദ് ഏകർഷി ചിത്രം ആട്ടം തുടങ്ങി അനന്തരം, ബി 32 മുതൽ 44 വരെ, കുട്ടിസ്രാങ്ക്, മാൻഹോൾ, നൻപകൽ നേരത്ത് മയക്കം, ഓളവും തീരവും, സ്വരൂപം, വലസൈ പറവകൾ, വാസ്തുഹാര, 1982 ൽ പുറത്തിറങ്ങിയ കെ.ജി.ജോർജ്ജിന്റെ യവനിക, പത്മരാജന്റെ നവംബറിന്റെ നഷ്ടം എന്നിവയാണ് മേളയിലെത്തുന്ന മലയാള ചിത്രങ്ങൾ.
കോർട്ട്, ഏക് ദിൻ അചാനക്, മഹാനഗർ, മെർകു തൊടർചി മലയ്, ദ ലഞ്ച് ബോക്‌സ് എന്നിവയാണ് മറ്റ് ഇന്ത്യൻ ക്ലാസിക്കുകൾ. 1925 ൽ പുറത്തിറങ്ങിയ ബാറ്റിൽഷിപ്പ് പോട്ടംകിൻ, 1950 ലെ റാഷമൺ എന്നിവ ഉൾപ്പെടെ 10 ചിത്രങ്ങളാണ് ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.
രജിസ്‌ട്രേഷൻ നിർബന്ധം
ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നതിനായി രജിസ്‌ട്രേഷൻ നിർബന്ധമാണ്. നഗരത്തിലെ ടൗൺഹാളിൽ പ്രവർത്തിക്കുന്ന സംഘാടകസമിതി ഓഫീസിൽ നേരിട്ടും ഗൂഗിൾ ഫോം മുഖേന ഓൺലൈനായും രജിസ്റ്റർ ചെയ്യാവുന്നതാണ്. കോളേജ് നൽകുന്ന തിരിച്ചറിയൽ രേഖ ഹാജരാക്കുന്ന വിദ്യാർത്ഥികൾക്ക് 150 രൂപയും മറ്റുള്ളവർക്ക് 300 രൂപയും ആണ് മേളയുടെ രജിസ്‌ട്രേഷൻ ഫീസ്. പണം ഓൺലൈനായി അടയ്ക്കുന്നതിന് യു.പി.ഐ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്യുന്നവർക്ക് ഫെസ്റ്റിവൽ ബുക്ക്, ഫിലിം ഷെഡ്യൂൾ, ബാഡ്ജ് എന്നിവ ഉൾപ്പെടുന്ന കിറ്റ് നൽകും. മേളയുടെ പ്രചരണത്തിനായി International film festival of Pathanamthitta എന്ന ഫേസ്ബുക്ക് ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : ഫോൺ, വാട്സ് ആപ് : 9447945710, 944743985, ptafilmfest@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |