സീരിയൽ താരങ്ങളായ ക്രിസ് വേണുഗോപാലിന്റെയും ദിവ്യ ശ്രീധറിന്റെയും വിവാഹം അടുത്തിടെയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്നത്. ഇതോടെ താരങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ തരത്തിലുളള പ്രതികരണങ്ങളും സോഷ്യൽമീഡിയയിൽ വന്നിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ക്രിസിന്റെയും ദിവ്യയുടെയും പ്രായവുമായി ബന്ധപ്പെട്ടായിരുന്നു കൂടുതൽ ചർച്ചകൾ വന്നിരുന്നത്. പിന്നാലെ തന്നെ ദിവ്യ തന്റെയും ഭർത്താവിന്റെയും യഥാർത്ഥ പ്രായം സോഷ്യൽമീഡിയയിൽ വെളിപ്പെടുത്തുകയും ചെയ്തു.
ഇപ്പോഴിതാ ക്രിസ് വേണുഗോപാൽ തന്റെ ആദ്യ വിവാഹബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നടൻ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. തനിക്ക് അംഗീകരിക്കാൻ സാധിക്കാത്തതായിരുന്നു അദ്യവിവാഹമെന്ന് ക്രിസ് പറഞ്ഞു. 'എന്റെ കുടുംബത്തോടൊപ്പം ഞാൻ നിൽക്കാൻ പാടില്ല എന്ന് പറയുന്ന ബന്ധമായിരുന്നു അത്. ഒരുതരത്തിലും അംഗീകരിക്കാൻ സാധിച്ചിരുന്നില്ല.
എന്റെ മാതാപിതാക്കളെ എനിക്ക് നോക്കിയേ പറ്റൂ. വീട്ടിൽ ആരും വരാൻ പാടില്ല, ഫോൺ ചെയ്യാൻ പാടില്ല, പുറത്തുപോകാന്‍ പാടില്ല എന്നൊക്കെയായിരുന്നു നിബന്ധനകൾ. ഇതോടെ ഞാൻ ഒരു വളർത്തുമൃഗത്തെ പോലെയായി. ഗ്ലാസിനകത്ത് അടച്ചിട്ട് വളർത്തുന്ന ഒരു ചിലന്തിയല്ല ഞാൻ. മനുഷ്യനാണ്. ഒരുപാട് സങ്കടത്തോടെയാണ് ആറ് വർഷം മുൻപ് തിരിച്ച് വന്നത്. വിവാഹമോചനത്തിനായി 2019ലാണ് കേസ് കൊടുത്തത്. 2022ൽ വിവാഹബന്ധം പൂർണമായി വേർപെടുത്തി.
അത് കഴിഞ്ഞ് ഒമ്പത് മാസങ്ങൾക്കുശേഷമാണ് ജീവിതം പങ്കിടാൻ ഒരാൾ വേണമെന്ന് തോന്നിയത്. അങ്ങനെ ഒരാളുണ്ടായിരുന്നു. പക്ഷേ അവർ മരിച്ചുപോയി. പിന്നീടാണ് ദിവ്യയെ വിവാഹം ചെയ്തത്. എന്റെ മുൻഭാര്യ എന്നൊക്കെ പറഞ്ഞ് ചിലർ യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ട്. അങ്ങനെ പോസ്റ്റ് ചെയ്യുന്നവർക്ക് എന്നോട് ചോദിക്കാമല്ലോ? എന്തിനാണ് ഒരാളുടെ ജീവിതത്തിൽ കരിവാരി തേയ്ക്കുന്നത്. ഇന്റർനെറ്റിൽ നോക്കിയാൽ കൃത്യമായി എല്ലാം മനസിലാകും'- നടൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |