വർക്കല: പാപനാശം ഏണിക്കൽ ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ തിരയിലകപ്പെട്ടു. ഒരാളെ വിനോദസഞ്ചാരികൾ രക്ഷിക്കുകയും മറ്റൊരാളെ കാണാതാവുകയും ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. കർണാടക സ്വദേശിയായ നെൽസൺ ജസ്വന്ത് (28), ഉത്തർപ്രദേശ് സ്വദേശി ഖാസി നൊമാൻ (23) എന്നിവരാണ് സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കവേ തിരയിൽപ്പെട്ടത്. തീരത്തുണ്ടായിരുന്ന തമിഴ് നാട്ടുകാരായ വിനോദ സഞ്ചാരികൾ ഖാസി നൊമാനെ രക്ഷിച്ചു. പാപനാശം ബീച്ചിനും അലിയിറക്കം ബീച്ചിനും ഇടയിലുള്ള ഇടുങ്ങിയ പടിക്കെട്ടുകളിലൂടെ വർക്കല ഫയർ ഫോഴ്സും പൊലീസും ചേർന്ന് ശ്രമപ്പെട്ടാണ് യുവാവിനെ മുകളിൽ എത്തിച്ചത്. ഇയാളെ ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി . അപകടനില തരണം ചെയ്തിട്ടുണ്ട്. നെൽസൺ ജസ്വന്തിനായി കോസ്റ്റൽ പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബാംഗ്ലൂരിലെ ഐ.ടി കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. വനിതാ സുഹൃത്തുക്കൾക്കൊപ്പം ഇന്നലെ വർക്കലയിൽ എത്തിയ ഇവർ ഒരു ഹോംസ്റ്റേയിലായിരുന്നു താമസം. ശക്തമായ അടിയൊഴുക്ക് ഉള്ളതിനാൽ സഞ്ചാരികൾ കടലിൽ ഇറങ്ങുന്നതിന് നിരോധനമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |