പാലോട്: മലയോര മേഖലയുടെ സ്വപ്നപദ്ധതിയായ റെയിൽപാതയുടെ നടപടികൾക്ക് പച്ചക്കൊടി ഉയരുമെന്ന പ്രതീക്ഷയോടെ മലനാട്. തീവണ്ടിയുടെ ചൂളംവിളിക്കായി കാതോർത്തിരിക്കുന്ന മലയോര നിവാസികൾക്ക് സ്വപ്ന സാക്ഷാത്കാരത്തിന് ഇനിയുമേറെ കാത്തിരിക്കേണ്ടി വരുമെന്ന സൂചനയാണ് നിലവിലുള്ളത്. പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയിലുൾപ്പെടുത്തി പുതിയ റെയിൽവേപാത പരിഗണിക്കണമെന്ന് അടൂർപ്രകാശ് എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. മന്ത്രി ജി.ആർ. അനിൽ മുൻകൈയെടുത്ത് കേന്ദ്ര റെയിൽവേ സഹമന്ത്രിയേയും റെയിൽവേ ബോർഡ് ചെയർമാനെയും 2023 ജനുവരിയിൽ സന്ദർശിച്ച് ഇതേ ആവശ്യമുന്നയിച്ചിരുന്നു.പൊതു ഗതാഗതത്തിൽ ഏറെ പിന്നാക്കം നിൽക്കുന്ന മലയോര പ്രദേശങ്ങളെ ബന്ധിപ്പിച്ച് പുതിയ ലൈൻ സ്ഥാപിക്കണമെന്ന നാടിന്റെ സ്വപ്നം സഫലമാകുമെന്ന പ്രതീക്ഷയിലാണ് മലയോര മേഖല. ബ്രിട്ടീഷുകാരുടെ കാലത്ത് പണിത റോഡുകളുടെ നവീകരണവും പുനഃരുദ്ധാരണവും മാത്രമാണ് പൊതുഗതാഗത രംഗത്ത് കാലാകാലങ്ങളിൽ നടന്നുവരുന്നത്. ക്രമാതീതമായ വാഹനപ്പെരുപ്പവും അനിയന്ത്രിതമായ ഗതാഗതക്കുരുക്കും റോഡ് ഗതാഗതം പരിമിതമാക്കിയിട്ട് വർഷങ്ങളായി.ചെങ്കോട്ട - തിരുവനന്തപുരം അന്തർ സംസ്ഥാന പാതയിൽ അപകടമൊഴിഞ്ഞ ദിവസങ്ങളില്ലെന്നു പറയാം.
സാദ്ധ്യതാ പട്ടികയിൽ നെടുമങ്ങാടും
റെയിൽവേ സൗകര്യമില്ലാത്ത അരലക്ഷത്തിനുമേൽ ജനസംഖ്യയുള്ള നഗരങ്ങളിൽ പുതിയ റെയിൽപ്പാത നിർമ്മിക്കാനുള്ള പദ്ധതിയിൽ നെടുമങ്ങാടും സാദ്ധ്യതാ പട്ടികയിലുണ്ട്.ശബരി റെയിലിന്റെ മൂന്നാംഘട്ടമായി പാത തിരുവനന്തപുരത്തേക്ക് നീട്ടുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നതും നെടുമങ്ങാട് വഴിയാണ്. ഗതിശക്തി സ്കീമിൽ ഉൾപ്പെടുത്തി നെടുമങ്ങാട്ടേക്ക് പുതിയ പാത വരുന്നതും ശബരി പദ്ധതിക്ക് സഹായകമാകും.
ചരക്കുനീക്കം സുഗമമാക്കും
ചെങ്കോട്ട - തിരുവനന്തപുരം റെയിൽപ്പാത നിർമ്മാണം പൂർത്തിയാവുന്നതോടെ ചരക്കു നീക്കത്തിനൊപ്പം ജനങ്ങളുടെ യാത്രാ ദുരിതത്തിനും അറുതി വരും. പതിറ്റാണ്ടുകൾക്കു മുമ്പ് പുനലൂർ - തെന്മല പാതയുടെ നിർമ്മാണ ഘട്ടത്തിൽ നിർദ്ദിഷ്ട തിരുവനന്തപുരം മലയോരപാത സജീവ പരിഗണനയിൽ ഉണ്ടായിരുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഓരോ കേന്ദ്ര ബഡ്ജറ്റിലും മലയോര റെയിൽപ്പാതയ്ക്കായി ഏറെ പ്രതീക്ഷയോടെ പരതുമ്പോഴും ജനങ്ങൾക്ക് നിരാശയായിരുന്നു ഫലം. നിലവിൽ കേന്ദ്രസർക്കാരും റെയിൽവേ മന്ത്രാലയവും പിന്തുണച്ചാൽ എല്ലാ തടസങ്ങളും നീക്കി ചെങ്കോട്ട - പാലോട് - നെടുമങ്ങാട് റെയിൽപ്പാതയിലൂടെ തീവണ്ടി കൂകിപ്പാഞ്ഞെത്തുന്ന സുദിനങ്ങൾ അകലെയാവില്ലെന്ന വിശ്വാസത്തിലാണ് മലയോരജനത.
റെയിൽപ്പാത
കൊല്ലം - തിരുവനന്തപുരം ജില്ലകളുടെ അതിർത്തി പ്രദേശങ്ങളായ കുളത്തൂപ്പുഴ - മടത്തറ - പാലോട് - നെടുമങ്ങാട് - കരകുളം വഴി തിരുവനന്തപുരം സെൻട്രലിൽ സംഗമിക്കുന്നതാണ് മലയോര റെയിൽപ്പാത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |