ആലപ്പുഴ : രണ്ട് വർഷങ്ങളിലൊതുങ്ങിയൊരു ദിനാചരണം! അതാണ് കയർദിനം. നവംബർ 5 കയർദിനമായി 2012, 2013 വർഷങ്ങളിൽ സംസ്ഥാന സർക്കാർ ഔദ്യോഗികമായി ആചരിച്ചെങ്കിലും പിന്നീട് പേരിന് പോലും ചടങ്ങുണ്ടായില്ല. ഇന്ന് വീണ്ടുമൊരു നവംബർ 5 കൂടി കടന്നുപോകുമ്പോൾ കയർ വ്യവസായത്തിന്റെ ഹബ്ബായ ആലപ്പുഴയിൽ നിരാശ മാത്രം.
വി.എസ് സർക്കാരിൽ കയർ മന്ത്രിയായിരുന്ന ജി.സുധാകരന് പൊതുപ്രവർത്തകൻ മുഹമ്മ സ്വദേശി സി.പി.ഷാജി കയർ ദിനം എന്ന ആശയം ഉന്നയിച്ച് നിവേദനം നൽകിയതിനെ തുടർന്ന് സുധാകരൻ മുൻകൈയെടുത്താണ് കയർദിനം പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ആദ്യ കയർ വ്യവസായ സഹകരണ സംഘമായ കൊടുങ്ങല്ലൂർ സി.വി.സി.എസ് സംഘം രജിസ്റ്റർ ചെയ്ത തീയതി 1935 നവംബർ 5 ആയതിനാൽ ആ ദിനം ഇതിനായി തിരഞ്ഞെടുത്തു.
ഇടത് ഭരണകാലത്ത് കയർദിനം പ്രഖ്യാപിച്ചെങ്കിലും, 2012ൽ യു,ഡി.എഫ് ഭരണകാലത്താണ് സംസ്ഥാനതല ഉദ്ഘാടനം നടന്നത്.അന്നത്തെ മുഖ്യമന്ത്രിയായരുന്ന ഉമ്മൻചാണ്ടിയാണ് ഉദ്ഘാടനം നിർവഹിച്ചത്. അടുത്ത വർഷത്തിലും ദിനാചരണം നടത്തി.
ദിനാചരണം നടക്കുന്നത് സർക്കാർ സർക്കുലർ പ്രകാരം
1.സർക്കാർതലത്തിൽ നിന്ന് സർക്കുലർ പ്രകാരം നിർദ്ദേശം ലഭിക്കുന്ന മുറയ്ക്കാണ് കയർ ദിനാചരണത്തിനുള്ള നടപടികൾ വകുപ്പ് തലത്തിൽ നടന്നിരുന്നത്. 2014ന് ശേഷം ഇത്തരമൊരു ഉത്തരവ് ഇറങ്ങിയില്ല.
2.കയറും കയർ വ്യവസായവും ഗ്രാമങ്ങളിൽ നിന്ന് അന്യമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ, വ്യവസായത്തെ പിടിച്ചു നിർത്താനെങ്കിലും വർഷാവർഷം കയർദിനാചരണം നടത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
3. കയർ വ്യവസായത്തിന് ഈർജ്ജം പകർന്നിരുന്ന കയർകേരള അന്താരാഷ്ട്രമേളയും കൊവിഡ് കാലത്ത് മുടങ്ങിയിരുന്നു. അവസാനം കയർ കേരള നടന്ന 2019ൽ 399 കോടി രൂപയുടെ ഓർഡറാണ് ലഭിച്ചത്
4.രണ്ടു വർഷം കൊണ്ട് മാത്രം 50 കോടി രൂപയുടെ കയർ ഭൂവസ്ത്രം വിൽക്കാൻ കഴിഞ്ഞു. തുടർച്ചയായി എട്ട് വർഷമാണ് കയർ കേരള അന്താരാഷ്ട്ര മേള ആലപ്പുഴയിൽ നടന്നത്.
കയർ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നത് : 2012ൽ
കേരളത്തിലെ കയറിനും കയർതൊഴിലാളികൾക്കുമായി ഒരു ദിനാചരണം നടത്താൻ സർക്കാർ മറക്കുകയാണ്. കയർ ദിനം ആചരിക്കണമെന്ന ആവശ്യവുമായി വീണ്ടും അധികൃതർക്ക് മുന്നിലെത്തും
- സി.പി.ഷാജി (കയർ ദിനാചരണത്തിന് വേണ്ടി നിവേദനം നൽകിയ പൊതുപ്രവർത്തകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |