നിലമ്പൂർ : കാലാവസ്ഥാവ്യതിയാനം മൂലമുള്ള വിളനഷ്ടവും വിലക്കുറവും അടയ്ക്കാകർഷകരെ പ്രതിസന്ധിയിലാക്കുന്നു. മഹാളിരോഗവും കൂമ്പുചീച്ചിലുമടക്കമുള്ള രോഗങ്ങൾ മലയോരത്തെ അടയ്ക്കാ കർഷകരെ തളർത്തുകയാണ്. കഴിഞ്ഞ വർഷം ലഭിച്ചതിനേക്കാൾ വളരെ കുറഞ്ഞ തുകയാണ് ഇത്തവണ കർഷകന് ലഭിക്കുന്നത്.
കടുത്ത വേനലും കാലം തെറ്റി പെയ്യുന്ന മഴയും കർഷകനെ വല്ലാതെ വലിച്ചു. മഴ കാരണം കീടനാശിനി യഥാസമയം തളിക്കാനാവാഞ്ഞതിനാൽ മഹാളി രോഗം തടയാനായില്ല. പ്രതികൂല സാഹചര്യം കണക്കിലെടുത്ത് പലരും കൃഷിയിൽ നിന്ന് മാറിനിന്നു. തമിഴ്‌നാട്ടിൽ നിന്നും കുറഞ്ഞവിലയ്ക്ക് അടയ്ക്ക എത്തുന്നതും വില കുറയ്ക്കുന്നുണ്ട്. വന്യമൃഗശല്യവും മേഖലയിലെ കൃഷിക്കാരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
നഷ്ടം മാത്രം
റെയിൽവേ ജീവനക്കാരനായിരുന്ന ചാലിയാർ അഞ്ചാംവാർഡ് സ്വദേശി ജോസഫ് മാത്യു സർവീസിൽ നിന്നും വിരമിച്ചപ്പോൾ കിട്ടിയ തുക ഉപയോഗിച്ചാണ് കൃഷി ആരംഭിച്ചത്. കൃഷി ചെയ്ത 6,000 കമുകിൻ തൈകളും മഞ്ഞളിപ്പ് രോഗം മൂലം പൂർണ്ണമായും നശിച്ചു.
11 ഏക്കർ തരിശുഭൂമി വാങ്ങി ആറര ഏക്കറിലാണ് കമുക് കൃഷി ചെയ്തത്. വെള്ളം കിട്ടാൻ പ്രയാസമായതിനാൽ രണ്ട് കുളം കുഴിച്ചു. രണ്ടര ലക്ഷത്തിലധികം ചെലവായി. സ്പിംഗ്ളർ ഉപയോഗിച്ചായിരുന്നു നന. അന്യസംസ്ഥാനത്തു നിന്നെത്തിച്ച മേന്മയേറിയ തൈകളാണ് ഉപയോഗിച്ചത്. അഞ്ച് വർഷത്തിനുശേഷം നല്ല കായ്‌ഫലമുണ്ടാകാൻ തുടങ്ങി. പിന്നീട് ചെറിയ മഞ്ഞളിപ്പ് രോഗവും കൂമ്പ് ദ്രവിക്കലും തല ഒടിഞ്ഞു പോകാനും തുടങ്ങിയതോടെ കായ്‌ഫലം കുറയാൻ തുടങ്ങിയ അവസ്ഥയിലായി. പ്രതിവിധികൾ പ്രയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. കൃഷി വകുപ്പ് അധികൃതരുടെ ഇടപെടലും ഫലം കണ്ടില്ല. ഇപ്പോൾ കൃഷി ഏറെക്കുറെ നിലച്ച നിലയിലാണ്. ഇനി പുതുതായി പ്ലാന്റ് ചെയ്യണമെങ്കിൽ 15 ലക്ഷത്തോളം ചെലവാകും. പിരിയുമ്പോൾ കിട്ടിയ തുക മൊത്തം ചെലവഴിച്ചതിനാൽ പണം കണ്ടെത്താനാവുന്നില്ല.
മലയോര മേഖലയിലെ മിക്ക കർഷകരുടെയും അവസ്ഥ ഏറെക്കുറെ ഇതൊക്കെത്തന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |