കൊച്ചി: നിർമ്മാതാവും സംസ്‌കാര സാഹിതി സംസ്ഥാന ചെയർമാനുമായ ആന്റോ ജോസഫിനെതിരെ സാന്ദ്രാ തോമസ് രംഗത്ത്. ആന്റോ ജോസഫ് തന്നെ വളരെയധികം ബുദ്ധിമുട്ടിച്ചെന്നും ഇവരെ പോലെയുള്ളവരെ രാജാക്കന്മാരായി വാഴിക്കുകയാണെന്നും സാന്ദ്ര പറഞ്ഞു. തന്നെപ്പോലെയുള്ളവരെ മാനസികമായി ബുദ്ധിമുട്ടിപ്പിച്ചുകൊണ്ട് അവർ സന്തോഷത്തോടെ നടക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
പുല്ലേപ്പടിയിയിൽ പ്രവർത്തിക്കുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കെട്ടിടത്തിൽ സിസിടിവിയുണ്ട്. അവിടെ മുറികളുണ്ട്. എന്തിനാണ് അവിടെ മുറികൾ, അവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് അന്വേഷിക്കണം. അസോസിയേഷനിൽ ഇരിക്കുന്ന പല ഭാരവാഹികളുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ചും അന്വേഷിക്കണം. എല്ലാ തെളിവുകളും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. താൻ നിയമനടപടിയിലേക്ക് കടക്കും'- സാന്ദ്രാ തോമസ് പറഞ്ഞു.
അച്ചടക്ക ലംഘനത്തിന്റെ പേരിൽ സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സാന്ദ്രാ തോമസിന്റെ പ്രതികരണം. സിനിമ വിതരണവുമായി ബന്ധപ്പെട്ട് യോഗത്തിലേക്ക് വിളിച്ചുവരുത്തി അസോസിയേഷൻ ഭാരവാഹികൾ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചു എന്ന് സാന്ദ്രാ തോമസ് പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് അസോസിയേഷന്റെ നടപടി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രാഡ്യൂസേഴ്സ് അസോസിയേഷനെതിരെ ഗുരുതര ആരോപണവുമായി സാന്ദ്ര രംഗത്തെത്തിയിരുന്നു. ഒന്നോ രണ്ടോ വ്യക്തികളുടെ തീരുമാനപ്രകാരം മാത്രമാണ് സംഘടന പ്രവർത്തിക്കുന്നതെന്നും മറ്റുള്ളവരെ ഒന്നും അറിയിക്കുന്നില്ലെന്നുമാണ് സാന്ദ്രാ തോമസ് ആരോപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |