തലയോലപ്പറമ്പ് : മറവൻതുരുത്തിൽ ഭാര്യയും, ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയത് അവഗണിക്കുന്നതിലുള്ള പകയെ തുടർന്നെന്ന് യുവാവിന്റെ മൊഴി. തിങ്കളാഴ്ച രാത്രി 7.30 ഓടെ മറവൻതുരുത്ത് വാളോർമംഗലം മൂലേപ്പറമ്പിൽ (ശിവപ്രസാദം വീട്ടിൽ) ഗീത (58), മകൾ ശിവപ്രിയ (33) എന്നിവരെയാണ് നേരേകടവ് പുളിന്തറ വീട്ടിൽ നിധീഷ് (39) കൊലപ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 3 ഓടെ വീട്ടിൽ എത്തിയ യുവാവ് ആദ്യം ഭാര്യാമാതാവിനെ മുറിയിലെ കട്ടിലിൽ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് വൈക്കത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോയ ഭാര്യ ശിവപ്രിയ വീട്ടിൽ തിരികെ എത്തുന്നത് വരെ കസേരയിൽ ഇരിക്കുകയായിരുന്നു. ഭാര്യ മുറിയിലേക്ക് കയറിയപ്പോയ ഉടൻ പിന്നാലെ എത്തി കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇതിനിടെ ഇയാളുടെ കൈക്കും സാരമായി മുറിവേറ്റു. വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയ ശേഷം രാത്രിയോടെയാണ് പൊലീസ് സ്റ്റേഷനിൽ തിരികെ എത്തിച്ചത്. ഒന്നര വർഷം മുമ്പ് വിദേശത്ത് നിന്ന് അവധിക്കെത്തിയ ഗീതയുടെ മകൻ ശിവപ്രസാദ് വല്ലകത്ത് വച്ചുണ്ടായ ബൈക്ക് അപകടത്തിൽ മരണപ്പെട്ടതിനെ തുടർന്ന് ശിവപ്രിയയോടൊപ്പമായിരുന്നു താമസം. യുവാവിന്റെ മാതാവ് രോഗാവസ്ഥയിലായതിനാൽ മറ്റൊരു ബന്ധുവീട്ടിലാണ് താമസം. ശിവപ്രിയ ഭർതൃഗൃഹത്തിലേക്ക് പോകാൻ കൂട്ടാക്കിയിരുന്നില്ല. ഗീതയും മകളുടെ പക്ഷത്തായിരുന്നു. ഇക്കാര്യത്തിൽ ഇരുവരും അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു.
ഉദയനാപുരത്ത് പപ്പട കച്ചവടം നടത്തുകയായിരുന്നു നിധീഷ്. കച്ചവടം കഴിഞ്ഞ് സ്‌കൂട്ടറിൽ ഉദയനാപുരത്തെ അങ്കണവാടിയിൽ പഠിക്കുന്ന മകൾ ശിവാനിയെയും കൂട്ടി മറവൻതുരുത്തിൽ കൊണ്ടുവന്ന ശേഷം ഇവിടെ കിടന്നാണ് രാവിലെ കച്ചവടത്തിന് പോയിരുന്നത്. അടുത്ത കാലത്തായി ശിവപ്രിയയാണ് മകളെ കൊണ്ടുവിടുന്നത്. എന്നാൽ തിങ്കളാഴ്ച അങ്കണവാടിയിൽ നിന്ന് മകളെ ബന്ധുവീട്ടിൽ കൊണ്ടുവിട്ട ശേഷം നിധീഷ് തനിച്ചാണ് മറവൻതുരുത്തിലുള്ള വീട്ടിൽ എത്തിയതും കൃത്യം നടത്തിയതും. ഈ സമയം മദ്യലഹരിയിലായിരുന്നു. ഭാര്യയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി മുറിക്കുള്ളിൽ നിന്ന് കണ്ടെടുത്തു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകി. സംസ്‌കാരം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |