ആലപ്പുഴ: ഡ്യൂട്ടി തടസപ്പെടുത്തിയെന്ന ജനറൽ ആശുപത്രിയിലെ വനിതാഡോക്ടറുടെ പരാതിയിൽ രജിസ്റ്റർചെയ്ത കേസിൽ ആലപ്പുഴ നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.കെ.ബാലകൃഷ്ണൻ മുൻകൂർജാമ്യം അനുവദിച്ചു.
ഈ മാസം പതിനഞ്ചിനകം അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതനുസരിച്ച് ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ പാടില്ലെന്നും മറ്റ് കേസുകളിൽ പ്രതിയാകാൻ പാടില്ലെന്നുമുള്ള നിബന്ധനകളോടെയാണ് ജാമ്യം. കേസിൽ ഒന്നാം പ്രതിയായിരുന്ന നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ എ.എസ് കവിതയെ പൊലീസ് പ്രതിസ്ഥാനത്ത് നിന്നൊഴിവാക്കിയതായി പ്രോസിക്യൂഷൻ അറിയിച്ചതോടെ അവർ നൽകിയിരുന്ന മുൻകൂർ ജാമ്യഹർജി തീർപ്പാക്കി.
കഴിഞ്ഞയാഴ്ച വലിയ ചുടുകാടിന് സമീപത്തെ നഗരസഭയുടെ വിശ്രമകേന്ദ്രത്തിൽ യുവാക്കളുടെ മർദ്ദനമേറ്റ ജീവനക്കാരെ ചികിത്സയ്ക്കായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ വൈസ് ചെയർമാനും സ്ഥിരംസമിതി അദ്ധ്യക്ഷയും ഡോക്ടറും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. തുടർന്ന് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറായ അഞ്ജു സെബാസ്റ്റ്യൻ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് സൗത്ത് പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തത്. സ്ഥിരം സമിതി അദ്ധ്യക്ഷയെ പിന്നീട് പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി. വൈസ് ചെയർമാനുവേണ്ടി അഡ്വ.പ്രിയദർശൻ തമ്പി കോടതിയിൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |