തിരുവനന്തപുരം: ഒമ്പതുകാരിയെ പീഡിപ്പിച്ച 63കാരന് രണ്ട് ജീവപര്യന്തം കഠിനതടവും 60000 രൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധികം തടവുമുണ്ട്. പ്രത്യേക പോക്‌സോ കോടതി ജഡ്ജി ആർ. രേഖയാണ് പ്രതി വിക്രമനെ ശിക്ഷിച്ചത്. ഒൻപതുകാരിയുടെ അനുജത്തിയായ ആറ് വയസുകാരിയെ പീഡിപ്പിച്ച കുറ്റത്തിന് ഇതേ പ്രതിക്ക് കഴിഞ്ഞ ബുധനാഴ്ച ഇതേ കോടതി സമാന ശിക്ഷ നൽകിയിരുന്നു. ആറ് വയസുളള അനുജത്തിയുടെ മുന്നിൽ വച്ചാണ് പലപ്പോഴും ഒമ്പതുകാരിയെ പീഡിപ്പിച്ചിരുന്നത്. അച്ഛനും അമ്മയും ഉപേക്ഷിച്ച കുട്ടികൾ അമ്മൂമ്മയുടെ സംരക്ഷണയിലായിരുന്നു. അമ്മൂമ്മയുടെ കാമുകനാണ് പ്രതി വിക്രമൻ. 2020 21 കാലഘട്ടത്തിലായിരുന്നു സംഭവം. പ്രതി കുട്ടികളുടെ മുന്നിൽ വച്ച് അമ്മൂമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടിരുന്നു. അമ്മൂമ്മ വീട്ടിൽ ഇല്ലാതിരിക്കുന്ന സമയത്താണ് കുട്ടികളെ അശ്ലീല വീഡിയോ കാട്ടിയശേഷം പീഡിപ്പിച്ചത്. പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. അയൽവാസി കണ്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ. എസ്. വിജയ് മോഹൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |