തിരഞ്ഞെടുപ്പ് പണ്ഡിതന്മാരുടെ പ്രവചനങ്ങൾക്കും രാഷ്ട്രീയ നിഗമനങ്ങൾക്കും അമേരിക്കയിലും വലിയ വിലയൊന്നുമില്ലെന്ന് സ്ഥാപിക്കുന്നതാണ് ഡൊണാൾഡ് ട്രംപിന്റെ ഐതിഹാസികമെന്ന് വിശേഷിപ്പിക്കാവുന്ന തിരഞ്ഞെടുപ്പ് വിജയം. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽപ്പോലും റിപ്പബ്ളിക്കൻ
സ്ഥാനാർത്ഥി ട്രംപും ഡെമോക്രാറ്റ് സ്ഥാനാർത്ഥി കമലാഹാരിസും ഒപ്പത്തിനൊപ്പം എന്നായിരുന്നു വാർത്തകൾ. എന്നാൽ വോട്ടെണ്ണലിന്റെ ഓരോ ഘട്ടം കഴിയുമ്പോഴും ട്രംപ് മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. ഒരു ഘട്ടത്തിൽപ്പോലും ട്രംപിനൊപ്പമെത്താൻ കമലയ്ക്ക് കഴിഞ്ഞില്ലെന്നു മാത്രമല്ല അവസാനംവരെ പിന്നിൽത്തന്നെയാവുകയും ചെയ്തു.
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ലോകമാകെ ശ്രദ്ധ പിടിച്ചുപറ്റുന്നത് അത് ലോക രാഷ്ട്രീയ ക്രമത്തിൽ പ്രത്യക്ഷമായും പരോക്ഷമായും നിർണ്ണായക സ്വാധീനം ചെലുത്തുന്നതുകൊണ്ടാണ്. നാലുവർഷം മുൻപ് ഇതുപോലൊരു തിരഞ്ഞെടുപ്പിൽ രണ്ടാമൂഴം പ്രതീക്ഷിച്ച് മത്സരിച്ച ട്രംപിന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. കള്ളത്തരത്തിലൂടെ മനഃപൂർവം തന്നെ തോല്പിച്ചതാണെന്ന് ആരോപിച്ച് കലാപത്തിനൊരുങ്ങിയ ട്രംപും അനുയായികളും അന്ന് വലിയ പ്രതിഷേധം സംഘടിപ്പിച്ചു.ഇതുമായി ബന്ധപ്പെട്ട കേസുകൾ ഇപ്പോഴും നിലനിൽക്കുകയാണ്.
ട്രംപോ കമലാ ഹാരിസോ എന്ന ചോദ്യത്തിന് ഭൂരിപക്ഷം വരുന്ന യു.എസ് വോട്ടർമാർ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തിലാണ് ഉത്തരം നൽകിയിരിക്കുന്നത്. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇടവേളയ്ക്കുശേഷം വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരാൾ തിരഞ്ഞെടുക്കപ്പെടുന്നത് 127 വർഷത്തിനുശേഷം ഇതാദ്യമാണ്. അടങ്ങാത്ത പോരാട്ട വീര്യവും എന്തിനുംപോന്ന കൂസലില്ലായ്മയും പ്രതിസന്ധികളിൽ അശേഷം തളരാത്ത ഉറച്ച മനസും കൈമുതലായുള്ള ട്രംപ് ശരാശരി അമേരിക്കക്കാരന്റെ ആരാധനാപാത്രം തന്നെയാണ്. രണ്ടുവട്ടം ഇമ്പീച്ച്മെന്റ് നടപടികളും ബലാൽസംഗം ഉൾപ്പെടെ ക്രിമിനൽ കുറ്റങ്ങളും സ്വന്തംപേരിൽ കുറിക്കപ്പെട്ടിട്ടുള്ള ട്രംപ് രണ്ടാംതവണ പ്രസിഡന്റായി സ്ഥാനമേൽക്കുമ്പോൾ അമേരിക്ക ഇനി ഏതുവഴിക്കാകും നീങ്ങുക എന്ന ആകാംക്ഷയിലാണ് ലോകം. കമലാഹാരിസിന്റെ വിജയം പ്രതീക്ഷിച്ചവർക്ക് ട്രംപിന്റെ ഈ ഉയിർത്തെഴുന്നേല്പ് സഹിക്കാവുന്നതിനുമപ്പുറത്താണ്.
ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങളിലെ ഫലമാകും പ്രസിഡന്റ് ആരെന്നു നിശ്ചയിക്കുക എന്നാണ് കരുതപ്പെട്ടിരുന്നത്. ഈ ഏഴ് സ്റ്റേറ്റുകളിലും മുന്നിലെത്തിയത് ട്രംപ് തന്നെയാണ്. വിജയം അതോടെ അനായാസമാവുകയും ചെയ്തു. ജയിക്കാൻ 270 ഇലക്ടറൽ വോട്ടുകൾ വേണ്ടിടത്ത് അതിലുമെത്രയോ കൂടുതൽ വോട്ടുകൾ കരസ്ഥമാക്കിയാണ് ട്രംപ് വിജയം ഉറപ്പിച്ചത്. എല്ലാ പ്രവചനങ്ങളെയും കവച്ചുവയ്ക്കുന്നതാണ് ഈ നേട്ടം. മുൻപത്തേതിന്റെ ഇരട്ടി കരുത്തോടെ വീണ്ടും വൈറ്റ് ഹൗസിലെത്തുന്ന ട്രംപിന് ഏറെ തുണയായത് ജോ ബൈഡന്റെ പരാജയപ്പെട്ട സാമ്പത്തിക നയങ്ങളാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും ഉയർന്ന തോതിലായിരുന്നു. ലോകത്തെ സംഘർഷങ്ങളിൽ പണ്ടേപോലെ ഫലപ്രദമായി ഇടപെടാനും ബൈഡൻ ഭരണകൂടത്തിന് സാധിച്ചിരുന്നില്ല. എല്ലാറ്റിനുമുപരിയായി അമേരിക്കയിലെ പുരുഷാധിപത്യത്തിന്റെ പ്രതീകമെന്ന നിലയിൽ ട്രംപിനുള്ള സ്വീകാര്യത ഏഷ്യൻ- ആഫ്രിക്കൻ വംശജയായ കമലാഹാരീസിന് ഒരിക്കലും ലഭിച്ചതുമില്ല. തമിഴ്നാട്ടിൽ വേരുകളുള്ള കമലാഹാരീസിന്റെ വിജയം യു.എസിൽ അൻപത് ലക്ഷത്തിലധികം വരുന്ന ഇന്ത്യക്കാരിൽ ഭൂരിപക്ഷം പേരും ആഗ്രഹിച്ചിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ഇന്ത്യൻ വേരുകൾ ഉണ്ടെങ്കിലും ഇന്ത്യയോടുള്ള അവരുടെ സമീപന രീതിയും വിമർശന വിധേയമായിരുന്നു. ബൈഡന്റെ നിഴൽ മാത്രമായ വൈസ് പ്രസിഡന്റ് എന്നതിനപ്പുറം സ്വന്തമായ സംഭാവനകൾ നൽകാനും അവർക്ക് കഴിഞ്ഞിരുന്നുമില്ല.
23 കോടി വോട്ടർമാരുള്ള യു.എസിൽ 16 കോടി പേർമാത്രമാണ് വോട്ട് ചെയ്യാനായി രജിസ്റ്റർ ചെയ്തിരുന്നത്. ഇവരിൽ എട്ടുകോടി പേർ മുൻകൂറായി വോട്ട് രേഖപ്പെടുത്തി.
സെനറ്റിലും പ്രതിനിധിസഭയിലും റിപ്പബ്ളിക്കൻ കക്ഷിക്ക് ഭൂരിപക്ഷം ലഭിച്ചു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ മറ്റൊരു സവിശേഷത. ട്രംപ് വിജയം ഉറപ്പിച്ചതിന്റെ പ്രതിഫലനമെന്നോണം ലോക വിപണിയിൽ പുതിയ ഉണർവ് ദൃശ്യമായി. നിക്ഷേപകർക്ക് ട്രംപിന്റെ നയങ്ങൾ എന്നും പ്രചോദനമാണ്. ട്രംപിന്റെ വരവോടെ ലോകത്ത് ഇപ്പോൾ നടക്കുന്ന രണ്ട് പ്രധാന യുദ്ധങ്ങളും അവസാനിച്ചേക്കുമെന്ന് വിശ്വസിക്കുന്നവരുണ്ട്.യുദ്ധക്കൊതിയനല്ലാത്ത
പ്രസിഡന്റാണ് താനെന്ന് ഊറ്റം കൊണ്ടിരുന്ന ട്രംപ് ഇക്കാര്യത്തിൽ മൗനം പാലിക്കാനിടയില്ല.നേറ്റോ സഖ്യത്തിലൊന്നും താത്പ്പര്യമില്ലാത്തതിനാൽ സഖ്യകക്ഷികളുടെ യുദ്ധതാത്പ്പര്യങ്ങളോട് മുഖം തിരിക്കാനും സാദ്ധ്യതയുണ്ട് .ട്രംപിന് എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും സ്വീകാര്യതയുണ്ടായിരുന്നു. വായാടിത്തം പറയുമെങ്കിലും തങ്ങളിലൊരുവനെന്ന പ്രതിച്ഛായ ജനങ്ങൾക്കിടയിൽ നേടിയെടുക്കാനും ട്രംപിനു കഴിഞ്ഞു.
തനിക്കു നേരെയുണ്ടായ വധശ്രമങ്ങൾ ഒരു ഇരയുടെ പരിവേഷവും ട്രംപിനു നൽകുകയുണ്ടായി .
വൈറ്റ് ഹൗസിൽ ട്രംപിന്റെ സാന്നിദ്ധ്യം ഇന്ത്യയ്ക്കും ഗുണകരമാകുമെന്നാണ് പൊതുവേ വിലയിരുത്തൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നല്ല സൗഹൃദം പുലർത്തുന്ന ട്രംപിന്റെ കുടിയേറ്റ നയങ്ങൾ ഇന്ത്യയ്ക്ക് മുൻപ് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കിലും സാഹചര്യങ്ങൾ മാറിയ പശ്ചാത്തലത്തിൽ യു.എസ് വിദേശനയം അനുകൂലമാകാതിരിക്കില്ല എന്ന വിശ്വാസമാണ് പൊതുവേ ഉള്ളത്. പുതിയൊരു സുവർണ യുഗത്തിലേക്ക് അമേരിക്കയെ താൻ നയിക്കുമെന്നാണ് വിജയം ഉറപ്പിച്ച ഉടനെ ട്രംപ് പ്രതികരിച്ചത്. അഭൂതപൂർവവും അതിശക്തവുമായൊരു വിജയംതന്നെയാണിത്. അമേരിക്കയെ വീണ്ടും മഹത്തായ രാജ്യമായി മാറ്റാൻ ഈ വിജയം നിമിത്തമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. ട്രംപിന് വലിയ വിജയം സമ്മാനിച്ച അമേരിക്കക്കാരുടെ വിശ്വാസവും അതുതന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |