കൊച്ചി: സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ഒളിമ്പിക്‌സ് മാതൃകയിലുള്ള കായികമേളയുടെ ട്രാക്ക് ഇന്ന് ഉണരും. മഹാരാജാസ് സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ രാവിലെ 6.10ന് തുടങ്ങുന്ന പോരാട്ടങ്ങളിൽ 5000ലേറെ താരങ്ങൾ മാറ്റുരയ്ക്കും.
ഇന്നലെ വൈകിട്ട് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള എണ്ണമറ്റ താരങ്ങൾ എത്തിയതോടെ സ്‌റ്റേഡിയം ഉത്സവത്തിമിർപ്പിലായി. വൈകിട്ട് മൂന്നു മുതൽ സ്‌റ്റേഡിയത്തിലേക്ക് അത്‌ലറ്റുകളുടെ ഒഴുക്കായിരുന്നു. വിജയമെന്ന ഒരൊറ്റ മന്ത്രം മാത്രം മനസിലുറപ്പിച്ച് എത്തിയ താരങ്ങളും പരിശീലകരും ടീം അധികൃതരുമെല്ലാം സ്റ്റേഡിയത്തെ വലം വച്ച് ട്രാക്കുൾപ്പെടെ പരിശോധിച്ചു.
പരിശീലകരുടെ നിർദ്ദേശ പ്രകാരം ടീമംഗങ്ങൾ അവസാനവട്ട പരിശീലനം നടത്തി. തുടർന്ന് യോഗം ചേർന്ന് തയ്യാറെടുപ്പുകൾ വിലയിരുത്തി. മുൻ കാലങ്ങളിലെ കായിക താരങ്ങളും പരിശീലകരുമുൾപ്പെടെ സ്റ്റേഡിയത്തിലെത്തി. ഇവരെ നേരിട്ടു കാണാനും അനുഭവങ്ങൾ അറിയാനും താരങ്ങൾ സമയം കണ്ടെത്തി.
അടിപൊളിയെന്ന് ആതിഥേയർ...
ട്രാക്കും ഫീൽഡും കണ്ണഞ്ചിപ്പിക്കുന്ന പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്നും തയ്യാറെടുപ്പുകൾ മികച്ചതെന്നും ആതിഥേയരായ എറണാകുളം ജില്ല. വിജയത്തിന്റെ ട്രാക്കിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് ജില്ലയുടെ ടീം. 39 ഇനങ്ങളിൽ എറണാകുളത്തിന്റെ താരങ്ങൾ പോരിനിറങ്ങുന്നുണ്ട്. നീന്തലിലടക്കം മികച്ച താരങ്ങളുണ്ടെങ്കിലും ട്രാക്കിൽ നിന്നും ഫിൽഡിലിൽ നിന്നും കൂടുതൽ മെഡൽ വാരുകയാണ് ലക്ഷ്യം. കോതമംഗലം സ്‌കൂളുകളുടെ കരുത്തിലും പ്രതീക്ഷയിലുമാണ് ജില്ല.
11 സംസ്ഥാന കായിക മേളകളിൽ അഞ്ച് തവണ കിരീടം ചൂടുകയും രണ്ട് തവണ റണ്ണറപ്പാകുകയും ചെയ്തതിന്റെ കരുത്തുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |