പത്തനംതിട്ട : നഗരസഭ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കമാകും. മലയാളം സിനിമ, ഇന്ത്യൻ സിനിമ, ലോക സിനിമ എന്നീ മൂന്ന് വിഭാഗങ്ങളിലായി 28 സിനിമകൾ പ്രദർശിപ്പിക്കും. ട്രിനിറ്റി മൂവി മാക്സ് സ്ക്രീൻ 2 , 3, രമ്യ തീയറ്റർ, ടൗൺഹാൾ എന്നിവിടങ്ങളിലാണ് പ്രദർശനം നടക്കുന്നത്. 1925 ൽ പുറത്തിറങ്ങിയ ബാറ്റിൽഷിപ്പ് പൊട്ടെംകിൻ മുതൽ 2023 പുറത്തിറങ്ങിയ ആട്ടം, അദൃശ്യജാലകം വരെയുള്ള സിനിമകൾ പ്രദർശനത്തിനുണ്ട്.
11 സിനിമകൾക്ക് രണ്ട് പ്രദർശനങ്ങൾ വീതം ആകെ 37 പ്രദർശനങ്ങളാണുള്ളത്.
ഉദ്ഘാടന സമ്മേളനം 8ന് വൈകിട്ട് 4.30ന് വിഖ്യാത ചലച്ചിത്രകാരൻ ഷാജി എൻ.കരുൺ ഐശ്വര്യ തീയേറ്ററിൽ നിർവഹിക്കും. സംഘാടകസമിതി ചെയർമാൻ അഡ്വ.ടീ.സക്കീർ ഹുസൈന്റെ അദ്ധ്യക്ഷതയിൽ മന്ത്രി വീണാ ജോർജ്ജ് ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്യും. സംവിധായകൻ കവിയൂർ ശിവപ്രസാദ് മുഖ്യാതിഥിയായിരിക്കും. ഫെസ്റ്റിവൽ ലോഗോ രൂപകൽപ്പനയ്ക്കുള്ള സമ്മാനം ആന്റോ ആന്റണി എം.പി വിതരണം ചെയ്യും. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ, ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ, സംഘാടകസമിതി വൈസ് ചെയർമാൻ കെ.ജാസിം കുട്ടി, ജനറൽ കൺവീനർ എം.എസ്.സുരേഷ് എന്നിവർ സംസാരിക്കും. തുടർന്ന് മൂന്ന് ദേശീയ അവാർഡുകൾ നേടിയ ആനന്ദ് ഏകർഷിയുടെ ആട്ടം എന്ന സിനിമ പ്രദർശിപ്പിക്കും.
10ന് വൈകിട്ട് 5 ന് സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.എൽ.എ.മാരായ അഡ്വ.മാത്യു.ടി തോമസ്, അഡ്വ.പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി.പി രാജപ്പൻ, ചലച്ചിത്ര സംവിധായകൻ ഡോ.ബിജു, ഫെസ്റ്റിവൽ ഡയറക്ടർ രഘുനാഥൻ ഉണ്ണിത്താൻ, മെമ്പർ സെക്രട്ടറി സുധീർ രാജ് എന്നിവർ സംസാരിക്കും.
സംഘാടക സമിതി ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ, ജനറൽ കൺവനീർ എം.എസ്.സുരേഷ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ പി.കെ.അനീഷ്, ഡെലിഗേറ്റ് കമ്മിറ്റി ചെയർമാൻ സി.കെ.അർജുനൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വലസൈ പറവകളുമായി സുനിൽ മാലൂർ
പത്തനംതിട്ട ജില്ലക്കാരനായ നവാഗത സംവിധായകനും കവിയുമായ സുനിൽ മാലൂരിന്റെ ശ്രദ്ധേയചിത്രമായ വലസൈ പറവകളും ചലച്ചിത്രോത്സവത്തിൽ പ്രദർശനത്തിനുണ്ട്. ഐ.എഫ്.എഫ്.കെ, മെൽബൺ ഫിലിം ഫെസ്റ്റിവൽ എന്നിവയ്ക്ക് പുറമേ ഇന്ത്യയിലെ ഇരുപതോളം റീജിയണൽ ഫെസ്റ്റിവലുകളിലും വലസൈ പറവകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇടുക്കിയിൽ തുച്ഛമായ കൂലിക്ക് പണിയെടുത്ത് ഇടുങ്ങിയ മുറികളിൽ ജീവിക്കുന്നവർ നേരിടുന്ന പ്രതിസന്ധികളാണ് ചിത്രത്തിന്റെ പ്രമേയം. വേറിട്ട പ്രമേയ പരിസരത്തിലൂടെയും ആഖ്യാനത്തിലൂടെയും ചലച്ചിത്ര സംവാദ വേദികളിൽ ഇടം പിടിച്ച ചിത്രം കൂടിയാണിത്. നവംബർ 9ന് രാവിലെ 9.30ന് രമ്യാ തീയറ്ററിലും 10ന് ഉച്ചയ്ക്ക് 2.30ന് ട്രിനിറ്റി തീയറ്ററിലുമാണ് പ്രദർശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |