മുക്കം: വിവാദങ്ങളിൽ തൊടാതെ കോൺഗ്രസിനെയും ബി.ജെ.പിയെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പര്യടനം. വയനാട് ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ മുക്കത്ത് സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയ്ക്കായി മുഖ്യമന്ത്രി വോട്ട് ചോദിച്ചത്. ഉമ്മൻചാണ്ടി സർക്കാർ സംസ്ഥാനത്തിന്റെ വികസന പ്രവൃത്തികളെയും ക്ഷേമപ്രവർത്തനങ്ങളെയും പിറകോട്ട് വലിച്ചപ്പോൾ എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്നത് സമാനതകളില്ലാത്ത വികസനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം ഒരു തരത്തിലും രക്ഷപ്പെടരുതെന്ന് കരുതി കേന്ദ്രസർക്കാർ കേരളത്തെ ശ്വാസം മുട്ടിക്കുമ്പോഴും വികസന നിലപാടുകളുമായി മുന്നോട്ട് പോവുന്നതാണ് എൽ.ഡി.എഫ് സർക്കാർ ആർജിച്ച വിജയമെന്ന് മുക്കത്ത് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞു.
2016ൽ 600രൂപയായിരുന്ന ക്ഷേമ പെൻഷൻ എൽ.ഡി.എഫ് സർക്കാർ 1600രൂപയായി ഉയർത്തി. അന്ന് പെൻഷൻ കൊടുത്തിരുന്നത് 34 ലക്ഷം പേർക്കായിരുന്നെങ്കിൽ 60ലക്ഷം പേർക്കാക്കി ഉയർത്തി. അന്നത്തെ സർക്കാർ 8836കോടിയാണ് ഈ ഇനത്തിൽ ചെലവഴിച്ചതെങ്കിൽ ഇപ്പോഴത് 30,567കോടിയാണ്. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലും ഇടത് സർക്കാർ നേടിയത് അഭൂതപൂർവമായ മുന്നേറ്റമാണ്. ഇന്ത്യയിലെ ഏതൊരു സംസ്ഥാനം എടുത്താലും ഈ മേഖലകളിൽ മുന്നിൽ കേരളമാണ്. ദേശീയപാത സ്ഥലമെടുപ്പ് വിഷയം യു.ഡി.എഫ് സർക്കാർ നീട്ടിക്കൊണ്ടുപോയതാണ് ഇത്രയും വലിയ ബാദ്ധ്യത കേരളത്തിന് ഉണ്ടാക്കിയത്. മത-സാമുദായിക സ്പർദ്ദ വളർത്തി രാജ്യത്തെ വിഭജിച്ചെടുക്കാമെന്ന ബി.ജെ.പി തന്ത്രം കേരളത്തിൽ വിലപ്പോകില്ല. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പെന്ന തന്ത്രവും ഇവിടെ അനുവദിക്കാൻ പോകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ എം.എൽ.എ, സ്ഥാനാർത്ഥി സത്യൻ മൊകേരി, പി.സന്തോഷ്‌കുമാർ എം.പി, കേരളാ കോൺഗ്രസ് നേതാവ് സ്റ്റീഫൻ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |