ചങ്ങനാശേരി : ചെലവഴിച്ചത് ലക്ഷങ്ങൾ, പക്ഷേ എന്ത് ഫലമെന്ന് മറുചോദ്യം. മനയ്ക്കച്ചിറ ടൂറിസം പദ്ധതിയെ വിലയിരുത്തിയാൽ നിരാശയാണ് ഫലം. ഒറ്റനോട്ടത്തിൽ പച്ചപ്പ് നിറഞ്ഞ ഒരു തരിശുഭൂമി. പോള വകഞ്ഞു മാറ്റിയാൽ കറുത്ത നിറത്തിൽ വെള്ളം. പോളയും മാലിന്യവും തിങ്ങി നിറഞ്ഞു കനാൽ ജനങ്ങൾക്ക് ദുരിതമാകുകയാണ്. കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിക്കാൻ വിഭാവനം ചെയ്ത പദ്ധതി നാശത്തിന്റെ വക്കിലെന്ന് നാട്ടുകാർ ഒരേസ്വരത്തിൽ പറയും. ടൂറിസം സാദ്ധ്യതകൾ വിപുലീകരിക്കുമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനവും പാഴ്‌വാക്കായി. മലയോര മേഖലയേയും കുട്ടനാടിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടനാട്ടുകാരുടെ സ്വപ്ന പദ്ധതിയായിരുന്നു ഇത്. 2011 മാർച്ച് രണ്ടിനായിരുന്നു ഉദ്ഘാടനം. റിനോവേഷൻ ഒഫ് കോമ്പൗണ്ട് വാൾ, വാക്ക് റെയിൻ ഷെൽട്ടേഴ്‌സ് എന്നിവ പൂർത്തിയാക്കി പദ്ധതി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കൈമാറിയിരുന്നു. എ.സി കനാലിൽ മനക്കച്ചിറയിൽ നിന്ന് ആരംഭിച്ച് വേട്ടടി തോട് വഴി ചങ്ങനാശേരി ബോട്ട് ജെട്ടിയുമായി ബന്ധിപ്പിച്ച് സഞ്ചാരികളെ ഇവിടെ എത്തിക്കുകയായിരുന്നു ലക്ഷ്യം.
പദ്ധതി വിഭാവനം ചെയ്തത് : ചങ്ങനാശേരി മുതൽ മങ്കൊമ്പ് വരെ 20 കി.മീ നീളത്തിൽ
ലക്ഷങ്ങൾ പൊടിക്കും, അത്രമാത്രം
മൂന്ന് മാസം മുൻപ് പത്ത് ലക്ഷം രൂപ ചെലവഴിച്ച് പോള നീക്കം ചെയ്‌തെങ്കിലും സംരക്ഷണമില്ലാത്തതിനാൽ വീണ്ടും ഇരട്ടി പോളയായി. ഇതിന് പുറമെയാണ് പ്ലാസ്റ്റിക് കുപ്പികളും, മറ്റു മാലിന്യങ്ങളും. മനയ്ക്കചിറ മുതൽ പൂവം വരെയുള്ള ഭാഗങ്ങളിൽ കനാലിന്റെ തീരത്ത് വസിക്കുന്നവരാണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നത്. പ്രാഥമികാവശ്യങ്ങൾക്കായി ഈ വെള്ളം ഉപയോഗിക്കുന്നത് രോഗഭീതി ഉയർത്തുന്നുണ്ട്. ശമ്പള വ്യവസ്ഥയിൽ പോള നീക്കുന്നതിന് ആളെ നിയമിക്കുന്നതിനുള്ള ആലോചനകൾ നടന്നെങ്കിലും നടപ്പായില്ല. പോള തിങ്ങിനിറഞ്ഞതോടെ ചങ്ങനാശേരി ജലോത്സവം മുടങ്ങിയിട്ട് 11 വർഷമായി. 2022 ൽ ജലോത്സവം പുന:രാരംഭിക്കുവാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും ഫലം കണ്ടില്ല.
പറച്ചിൽ പോരാ, നടപ്പാക്കണം
എ.സി കനാലിൽ വാട്ടർ ഫൗണ്ടൻ
ഫാൻസി എലുമിനേഷൻ ലൈറ്റുകൾ
ചെറുവള്ളങ്ങളിൽ ബോട്ടിംഗ്
സഞ്ചാരികൾക്ക് വിശ്രമ സൗകര്യം
''ടൂറിസം പദ്ധതി എങ്ങുമെത്താതായതോടെ സാമൂഹ്യവിരുദ്ധർ ഇവിടം കീഴടക്കി. പോള മാറ്റിയാലും തുടർ സംരക്ഷണത്തിന് സംവിധാനം ഒരുക്കാത്തതിനാൽ ചെയ്യുന്നതെല്ലാം നഷ്ടമാവുകയാണ്.
-ഗോപാലകൃഷ്ണൻ, ചങ്ങനാശേരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |