തകർന്ന സ്ലാബുകൾ, അടയാത്ത മാൻഹോളുകൾ
കോഴിക്കോട്: ടൗൺഹാൾ റോഡിലൂടെ നടക്കുന്നവർ ടി.ടി (ടെറ്റനസ് വാക്സിൻ) എടുത്തെന്ന് ഉറപ്പുവരുത്താൻ മറക്കേണ്ട. പൊട്ടിപ്പൊളിഞ്ഞ നടപ്പാതയിൽ നിറയെ ഇരുമ്പുകമ്പികൾ പുറത്തായ സ്ലാബുകളാണ്. പോരാത്തതിന് അടയാത്ത മാൻഹോളുകളും. റോഡിലിറങ്ങി നടന്നാൽ വാഹനങ്ങൾ കൊണ്ടുപോകും. നടപ്പാതയിലൂടെ നടന്നാൽ സ്ലാബുകളിലെ കമ്പികൾ തുളച്ച് കയറും. എന്തിനാണ് നഗര ഹൃദയഭാഗത്ത് ഇത്തരമൊരു ദ്രോഹമെന്നാണ് യാത്രക്കാരെല്ലാം ചോദിക്കുന്നത്. സ്ലാബിലെ കമ്പിയിൽ തട്ടി മുറിഞ്ഞവർ നിരവധിയാണ്.
റെയിൽവേ സ്‌റ്റേഷൻ വഴി നഗരത്തിലേക്കുള്ള പ്രധാന റോഡായിട്ടും അധികൃതർ കണ്ണടയ്ക്കുകയാണ്. 24 മണിക്കൂറും തിരക്കുള്ള റോഡിലേക്കിറങ്ങിയാൽ ഏത് സമയവും വാഹനങ്ങൾ കൊണ്ടുപോകും. നഗരം മുഴുവൻ നടപ്പാതകൾ നവീകരിച്ച് മനോഹരമാക്കിയെങ്കിലും സുപ്രധാനമായ ടൗൺഹാൾ റോഡിലെ 100 മീറ്റർ നടപ്പാത കോർപ്പറേഷൻ കണ്ടതേയില്ല.
അടുത്തകാലത്തായി ടൗൺഹാൾ റോഡിലെ കൽപക ഓഡിറ്റോറിയത്തിന് സമീപത്തെ സ്ഥലം പേ പാർക്കിംഗിനായി അനുവദിച്ചതോടെ നഗരത്തിലെത്തുന്ന ഒട്ടുമിക്ക വാഹനങ്ങളും ഇവിടേക്കാണ് വരുന്നത്. അവിടേയും തികയാതെ വരുമ്പോൾ വാഹനങ്ങൾ റോഡരികിൽ ഇട്ടുപോകും. വാഹനങ്ങൾ റോഡരികിൽ നിർത്തി പോകുന്നതാണ് നടപ്പാതയിലെ പൊട്ടിയ സ്ലാബുകൾ നീക്കുന്നതിന് തടസമാകുന്നതെന്നാണ് കോർപ്പറേഷനിലെ ചില ഉദ്യോഗസ്ഥരുടെ വിചിത്രമായ ന്യായീകരണം. വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കാൻ പൊലീസിനും കോർപ്പറേഷനും നിയമപരമായി നിരവധി വഴികളുണ്ടെന്നിരിക്കെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ കൂട്ടിയിട്ട് ജനത്തിന്റെ സുരക്ഷിത യാത്ര തടസപ്പെടുത്തുന്നതെന്തിനാണെന്ന ചോദ്യത്തിന് ആർക്കും മറുപടിയില്ല. ബഷീർ റോഡിൽ നിന്നും റെയിൽവേ സ്‌റ്റേഷനിൽ നിന്നും ഇടതടവില്ലാതെ വാഹനം മാനഞ്ചിറയിലേക്ക് പ്രവേശിക്കുന്ന റോഡാണിത്. ബഷീർ റോഡിൽ നിന്നും ടൗൺഹാൾ റോഡിലേക്കിറങ്ങുമ്പോൾ അവിടെ വിലങ്ങായി അപകടാവസ്ഥയിൽ മാൻ ഹോളുമുണ്ട്. റോഡിൽ നിന്ന് ഉയർന്ന് കിടക്കുന്നതിനാൽ പലപ്പോഴും ഈ മാൻഹോളിലിടിച്ച് വീഴുന്ന ഇരു ചക്രവാഹനങ്ങൾ നിരവധിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |