പാലക്കാട്: കെ.പി.എം ഹോട്ടലിൽ നിന്നിറങ്ങിയ താൻ കയറിയത് ഷാഫി പറമ്പിലിന്റെ കാറിലാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
''ചില കാര്യങ്ങൾ ഷാഫിയുമായി സംസാരിക്കാനുണ്ടായിരുന്നു. പ്രസ് ക്ലബിനു മുന്നിൽവച്ച് ഷാഫി പറമ്പിലിന്റെ വാഹനത്തിൽ നിന്നിറങ്ങി സ്വന്തം വാഹനത്തിൽ കയറി. അവിടെ നിന്ന് കെ.ആർ ടവറിനടുത്തെത്തിയശേഷം നീലപ്പെട്ടി പേഴ്സണൽ ഹാൻഡ് ബാഗ് അടക്കം സുഹൃത്തിന്റെ ഇന്നോവ കാറിൽ കയറ്റി. സ്വന്തം വാഹനം സർവീസ് ചെയ്യാൻ കൊടുത്തു. തുടർന്ന് ഇന്നോവയിലാണ് കോഴിക്കോട്ടേക്ക് പോയിവന്നത്.""- രാഹുൽ പ്രതികരിച്ചു.
അസ്മ ടവറിൽ 312ാം മുറിയിലാണ് താസിച്ചത്. പ്രവീൺ കുമാർ എന്ന ആ സുഹൃത്തിന്റെ ഇന്നോവയിൽ അദ്ദേഹത്തിന്റെ ഡ്രൈവറുടെ കൂടെ ഹോട്ടലിൽ നിന്നിറങ്ങിയാണ് കാന്തപുരം ഉസ്താദിനെ കാണാൻ പോയത്. നുണ പരിശോധനയ്ക്കടക്കം വിധേയനാകാൻ താൻ തയ്യാറാണെന്നും സംഭവദിവസത്തെ മന്ത്രി എം.ബി. രാജേഷിന്റെ ഫോൺ കാൾ പരിശോധിക്കണമെന്നും രാഹുൽ പറഞ്ഞു.
പരാതി നൽകി വനിതാ നേതാക്കൾ
കെ.പി.എം ഹോട്ടലിലെ പാതിരാ പരിശോധനയിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി കോൺഗ്രസ് വനിതാ നേതാക്കൾ. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയുമാണ് ഡി.ജി.പിക്കു പരാതി നൽകിയത്. വനിതാ പൊലീസ് ഇല്ലാതെ മുറിയിൽ പ്രവേശിക്കാൻ ശ്രമിച്ചെന്നും നിയമങ്ങൾ പാലിക്കാതെയാണ് പൊലീസ് ഇടപെട്ടതെന്നും പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |