രണ്ടാം പ്രതിക്ക് മൂന്ന് ജീവപര്യന്തം
കൊല്ലം: കളക്ടറേറ്റ് വളപ്പിലെ ജീപ്പിൽ ബോംബ് സ്ഫോടനം നടത്തിയ കേസിലെ മൂന്ന് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. രണ്ടാം പ്രതി കെ.പുതൂർ റമുകോത്തനാട് ഹൗസ് നമ്പർ 17ൽ ഷംസൂൺ കരിംരാജയ്ക്ക് (33) മൂന്ന് ജീവപര്യന്തവും ഒന്നും മൂന്നും പ്രതികളായ മധുര സൗത്ത് ഇസ്മയിൽപുരം സ്ട്രീറ്റ് ഹൗസ് നമ്പർ 11/23ൽ അബ്ബാസ് അലി (31), മധുര നോർത്ത് നൽപേട്ടെ ഫസ്റ്റ് സ്ട്രീറ്റ് ഹൗസ് നമ്പർ 23/23ൽ ദാവൂദ് സുലൈമാൻ (27) എന്നിവർക്ക് ഇരട്ട ജീവപര്യന്തവുമാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് ജി.ഗോപകുമാർ ശിക്ഷ വിധിച്ചത്. മൂന്നുപേരും ഭീകരസംഘടനയായ ബേസ് മൂവ്മെന്റിന്റെ പ്രവർത്തകരാണ്.
ഇതിനുപുറമേ രണ്ടാം പ്രതി ഷംസൂൺ കരിംരാജ യു.എ.പി.എയിലെയും ഐ.പി.സിയിലെയും വിവിധ വകുപ്പുകൾ പ്രകാരം 34 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ 26 മാസം കൂടി തടവ് അനുഭവിക്കണം. ഒന്നും മൂന്നും പ്രതികൾ 34 വർഷം കഠിനതടവും 1.7 ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ 22 മാസം കൂടി തടവ് അനുഭവിക്കണം.
ഗൂഢാലോചനാക്കുറ്റം ചുമത്തിയിരുന്ന നാലാം പ്രതി തമിഴ്നാട് സ്വദേശി ഷംസുദ്ദീനെ കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. അഞ്ചാം പ്രതി തമിഴ്നാട് സ്വദേശി മുഹമ്മദ് അയൂബിനെ നേരത്തെ മാപ്പുസാക്ഷിയാക്കിയിരുന്നു.
2016 ജൂൺ 15ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജില്ലാ ട്രഷറിക്കും മുൻസിഫ് കോടതിക്കും സമീപമുണ്ടായിരുന്ന തൊഴിൽ വകുപ്പിന്റെ ഉപയോഗശൂന്യമായ ജീപ്പിലാണ് സ്ഫോടനം നടത്തിയത്. സംഭവത്തിൽ കൊറ്റങ്കര പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന നീരൊഴുക്കിൽ സാബുവിന് പരിക്കേറ്റിരുന്നു. കരിംരാജയാണ് ബോംബ് വച്ചത്. ദാവൂദ് സുലൈമാൻ ആന്ധ്രയിലിരുന്ന് ഉത്തരവാദിത്വം ഏറ്റെടുത്തു. അബ്ബാസ് അലിയുടെ വീട്ടിലാണ് ബോംബ് നിർമ്മിച്ചത്.
പിഴയിൽ നിന്ന് പതിനായിരം രൂപ പരിക്കേറ്റ സാബുവിന് നൽകണമെന്നും ജീവപര്യന്തം തടവ് സർക്കാരിന് 14 വർഷമായി നിജപ്പെടുത്താമെന്നും ഉത്തരവിൽ പറയുന്നു. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയോയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
ജില്ലാ മുൻ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന അഡ്വ. ജി.സേതുനാഥ്, പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി.മുണ്ടയ്ക്കൽ, അഭിഭാഷകരായ മിലൻ മറിയം മാത്യു, പി.ബി.സുനിൽ, എസ്.പി.പാർത്ഥസാരഥി, ബി.ആമിന എന്നിവർ പ്രോസിക്യൂഷനുവേണ്ടി ഹാജരായി. കൊല്ലം എ.സി.പിയായിരുന്ന ജോർജ് കോശിയാണ് കുറ്റപത്രം സമർപ്പിച്ചത്.
മറ്റ് നാലിടത്തും സ്ഫോടനം
കൊല്ലത്തിന് പുറമേ ആന്ധ്രയിലെ ചിറ്റൂർ (2016 ഏപ്രിൽ 7), മൈസൂരു (2016 ആഗസ്റ്റ് ഒന്ന്), നെല്ലൂർ (2016 സെപ്തംബർ 12), മലപ്പുറം (2016 നവംബർ ഒന്ന്) കോടതി വളപ്പുകളിലും പ്രതികൾ സ്ഫോടനം നടത്തിയിരുന്നു. മൈസൂരു സ്ഫോടനക്കേസ് അന്വേഷിച്ച എൻ.ഐ.എ 2016 നവംബർ 28നാണ് പ്രതികളെ പിടികൂടിയത്. അവിടെ ജയിലിലായിരുന്ന പ്രതികളെ കൊല്ലം കേസിലെ വിചാരണയ്ക്കായി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |