ഒരു നിമിഷം കണ്ണടച്ചു നിന്നാൽ കാതുകളിൽ പക്ഷികളുടെ മധുര സംഗീതം മാത്രം. ഇളംകാറ്റിന്റെ നനുത്ത തലോടൽ. ഇതൊക്കെ ആരുടെയും മനസ് ശാന്തമാക്കാനുള്ള പ്രകൃതിയുടെ മരുന്നാണ്. പുത്തൻ സാങ്കേതികവിദ്യകൾ അനുദിനം വർദ്ധിച്ചുവരുന്ന ഇക്കാലത്ത് റോഡും വാഹനങ്ങളുമില്ലാതെ വികസന സ്വപ്നങ്ങളെ അകറ്റിനിറുത്തുന്ന ഒരു നാടുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ?എങ്കിൽ നെതർലൻഡ്സിലേക്കു ചെല്ലണം! നഗരത്തിന്റെ തിരക്കുകളിൽ നിന്നുമൊഴിഞ്ഞ്, പ്രകൃതിയുടെ എല്ലാ സൗന്ദര്യങ്ങളും ആവാഹിച്ച, കഥകളിൽ മാത്രം കേട്ടുപരിചയമുള്ള വടക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ചെറുഗ്രാമത്തിന്റെ പേര് ഗീതൂൺ (Giethorn).
റോഡുകൾക്കു സമാനമായ രീതിയിൽ കൊച്ചു കനാലുകൾ. കനാലുകൾ ചെന്നെത്തുന്നത് വലിയൊരു തടാകത്തിൽ. റോഡിൽ വാഹനങ്ങൾ പോകുന്നതു പോലെ കനാലിലൂടെ ഇടയ്ക്കിടെ ബോട്ടുകൾ, താറാവിൻ കൂട്ടങ്ങൾ. സമീപത്തായി പച്ചപ്പരവതാനി വിരിച്ച പുൽമേടുകൾ. തൊട്ടുപിന്നിൽ, ചുറ്റുമതിലോ ഗേറ്റുകളോ ഇല്ലാത്ത, 18-ാം നൂറ്റാണ്ടിലെ മാതൃകയിലുള്ള കൊച്ചുവീടുകളും. വീടുകളെ പൊതിഞ്ഞ് മനോഹരമായ ഉദ്യാനങ്ങളും!
നെതർലൻഡ് പ്രവശ്യയിലെ ആംസ്റ്റർഡാമിൽ നിന്ന് ഒന്നര മണിക്കൂർ യാത്ര ചെയ്താൽ ഗീതൂണിൽ എത്താം. പത്താം നൂറ്റാണ്ടിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ അവശിഷ്ടങ്ങളായ ചതുപ്പുനിലത്തിൽ നൂറുകണക്കിന് ആടുകളുടെ കൊമ്പുകൾ (ഗീറ്റെഹോൺസ്) നിവാസികൾ കണ്ടെത്തിയതിൽ നിന്നാണ് ഗീതൂൺ എന്ന പേരിന്റെ ഉത്ഭവം. മനോഹരമായി നിലനിറുത്തിയിരിക്കുന്ന ഗ്രാമാന്തരീക്ഷം. എ.ഡി 1230-ൽ മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ നിന്ന് കുടിയേറിയവരാണ് ഗ്രാമം സ്ഥാപിച്ചത്. 1958-ൽ ബെർട്ട് ഹാൻസ്ട്ര എന്ന ഡച്ച് സംവിധായകന്റെ 'ഫാൻഫെയർ" എന്ന ചിത്രമാണ് ഗ്രാമത്തെ പ്രശസ്തമാക്കിയത്.
ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് ഗീതൂണിന്റെ സൗന്ദര്യം ആസ്വദിക്കാൻ ആയിരക്കണക്കിന് സഞ്ചാരികളെത്തുന്നു. പ്രകൃതിയുടെ നീരുറവകളായി തോന്നിക്കുന്ന കനാലുകളിലൂടെയുള്ള ബോട്ടിംഗ് ഇവിടത്തെ പ്രധാന ആകർഷണമാണ്. യാത്രയ്ക്കിടെ ബോട്ട് നിറുത്തി ഭക്ഷണം കഴിക്കാൻ പാകത്തിന് റസ്റ്റോറന്റുകളും മ്യൂസിയങ്ങളും. വ്യാപിച്ചുകിടക്കുന്ന കനാൽ ശൃംഖലകൾക്കു കുറുകെ 180 അധികം മരപ്പാലങ്ങളും ഇവിടെയുണ്ട്. മിക്ക വീടുകളിലേക്കും കയറിച്ചെല്ലണമെങ്കിൽ പാലം കടക്കണം. തണുപ്പുകാലത്ത് കനാലുകൾ തണുത്തുറയുന്നതിനാൽ വിനോദ സഞ്ചാരികൾക്ക് ഐസ് സ്കേറ്റിംഗ് പരീക്ഷിക്കാനും അവസരമുണ്ട്.
വാഹനങ്ങൾക്കു
പകരം ബോട്ട്
കാറിനും ബൈക്കിനും പകരം ഗീതൂണിൽ എല്ലാവരും സഞ്ചരിക്കുന്നത് ബോട്ടിലും സൈക്കിളിലുമാണ്. പ്രകൃതിയുമായി വളരെ അടുത്തു നിൽക്കുന്ന ഈ ഗ്രാമത്തിലേക്ക് സഞ്ചരിക്കാൻ റോഡുകളില്ല. ആകെയുള്ളത് ചെറിയ നടപ്പാതകൾ മാത്രം. അതുകൊണ്ട്, ഗ്രാമത്തിലെത്തും മുമ്പ് കാറുകൾ പുറത്ത് പാർക്ക് ചെയ്യണം. പിന്നെ, നടന്നോ സൈക്കിളിലോ ബോട്ടിലോ ഇവിടെയെത്താം. സൈക്കിളുകൾക്കു മാത്രം സഞ്ചരിക്കാവുന്ന തരം പാതകളാണ് കനാലിന്റെ സമീപത്തു കൂടിയുള്ളത്. വാഹനങ്ങൾ പ്രവേശിക്കാത്തതിനാൽ അന്തരീക്ഷ മലിനീകരണ തോത് തീരെക്കുറവ്. 38.47 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഗീതൂണിലെ ആകെ ജനസംഖ്യ മൂവായിരത്തിലും താഴെയാണ്. അതിലേറെ സഞ്ചാരികൾ സീസണിൽ പ്രതിദിനം ഇവിടെയെത്തുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കൂടുതൽ പേരും ഗ്രാമത്തിനു പുറത്ത് ജോലി ചെയ്യുന്നു. മറ്റു ചിലർ റസ്റ്റോറന്റുകളിലും മറ്റും പ്രവർത്തിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |