ആലപ്പുഴ: ക്യാൻസർ മരുന്നുകൾ ഏറ്റവും കുറഞ്ഞ വിലയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന കാരുണ്യ സ്പർശം - സീറോ പ്രോഫിറ്റ് ആന്റി ക്യാൻസർ ഡ്രഗ്സ് പദ്ധതിയുടെ താളംതെറ്റി. എല്ലാ ജില്ലകളിലും ഓരോ കാരുണ്യ ഫാർമസി കൗണ്ടറിലൂടെ വിതരണം നിശ്ചയിച്ചിരിക്കുന്ന പദ്ധതിയുടെ
പ്രധാന പ്രതിസന്ധി ആവശ്യത്തിന് മരുന്നില്ലെന്നതാണ്. ഇതോടെ കാരുണ്യ ഫാർമസി ജീവനക്കാരോട് രോഗികൾ തട്ടിക്കയറുന്നതും പതിവാണ്.
പല കമ്പനികൾക്കും കുടിശിക നൽകി തീർക്കാത്തതിനാൽ അവർ മരുന്ന് വിതരണം നിർത്തിവച്ചിരിക്കുകയാണ്. ആന്റി ക്യാൻസർ മരുന്നുകൾ മാത്രമല്ല, മിക്ക മരുന്നുകളുടെയും സ്റ്റോക്ക് കാരുണ്യ ഫാർമസിയിൽ കുറവാണ്.
ആലപ്പുഴയിൽ മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിലാണ് സീറോ പ്രോഫിറ്റ് മരുന്ന് കൗണ്ടറുള്ള കാരുണ്യ ഫാർമസി പ്രവർത്തിക്കുന്നത്. സ്റ്റോക്കില്ലാത്ത മരുന്നിന്റെ പട്ടിക ജീവനക്കാർ കെ.എം.സി.എല്ലിന് കൈമാറിയിട്ടും ലഭ്യമാകാൻ വലിയ കാലതാമസം നേരിടുന്നുണ്ട്. സ്തനാർബുദത്തിനുള്ള ട്രാസ്റ്റുസുമാബ്, പ്രോസ്റ്റേറ്റ് കാൻസറിനുള്ള ടാക്സോൾ, സോളാഡെക്സ് തുടങ്ങി ആവശ്യക്കാരേറെയുള്ള മരുന്നുകൾ പോലും സുലഭമാക്കാൻ സാധിച്ചിട്ടില്ല.
അവിടെയും ഇവിടെയുമില്ല
മെഡിക്കൽ കോളേജ് ആശുപത്രിയിലില്ലാത്ത ആന്റി ക്യാൻസർ മരുന്നുകളാണ് കാരുണ്യയ്ക്ക് സ്റ്റോക്കായി ലഭിക്കുക. ഇതോടെ പുറത്ത് നിന്നുള്ള കുറിപ്പുമായെത്തുന്ന രോഗികൾ വീണ്ടും ദുരിതത്തിലാകും. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് മരുന്ന് ലഭിക്കണമെങ്കിൽ അവിടെ നിന്ന് തന്നെയുള്ള ഒ.പി ചീട്ടിലെ കുറിപ്പടി വേണം. ഓങ്കോളജി വിഭാഗത്തിൽ ഡോക്ടറെ കാണമെങ്കിൽ പുതുതായി ബുക്കെടുത്ത് രജിസ്ട്രേഷൻ നടപടി മുതൽ ആരംഭിക്കണം. കാരുണ്യ ഫാർമസിയിൽ ഏത് ആശുപത്രിയിൽ നിന്നുമുള്ള കുറിപ്പടി കാണിച്ചാൽ മരുന്ന് ലഭ്യമാകും. ഡോക്ടർ കുറിക്കുന്ന മരുന്നുകൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിട്ടാതെ വരുമ്പോൾ രോഗികളുടെ അടുത്ത ആശ്രയം കാരുണ്യ ഫാർമസിയാണ്. അവരും കൈഴിയുന്നതോടെ തിരുവനന്തപുരം എസ്.എ.ടിയിലെ കൗണ്ടറിൽ ന്യായവിലയ്ക്ക് ലഭിക്കുന്ന മരുന്നാണ് ആലപ്പുഴക്കാരിൽ വലിയൊരു വിഭാഗവും ചികിത്സ മുടങ്ങാതെ കൊണ്ടുപോകുന്നത്.
വിലക്കുറവ്:
#26 മുതൽ 96 ശതമാനം വരെ
# ഒന്നേമുക്കാൽ ലക്ഷത്തിന്റെ
മരുന്ന് 11,892 രൂപയ്ക്ക് ലഭിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |