കോന്നി : തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നും തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ നിന്നും എത്തുന്ന ശബരിമല തീർത്ഥാടകർ ജില്ലയിൽ ആദ്യം വിശ്രമിക്കാനായി തങ്ങുന്ന കലഞ്ഞൂർ മഹാദേവക്ഷേത്രത്തിന്റെ പരിസരത്ത് മണ്ഡലകാല ഒരുക്കങ്ങൾ ഒന്നുമായില്ല. ക്ഷേത്രത്തിന്റെ ആൽത്തറ മണ്ഡപത്തിൽ നടക്കാറുള്ള ചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തൽ തയ്യാറാക്കുന്ന ജോലികൾ മാത്രമാണ് ഇത്തവണ ആരംഭിച്ചിട്ടുള്ളത്. എല്ലാ തീർത്ഥാടനകാലത്തും ആയിരക്കണക്കിന് അയ്യപ്പന്മാരാണ് കലഞ്ഞൂർ ക്ഷേത്രത്തിന്റെ കിഴക്കേ ആൽത്തറ മണ്ഡപത്തിൽ വിരിവച്ച് വിശ്രമിക്കുന്നത്. ഇവർക്കായി ശുചിമുറി സൗകര്യം പോലും ഒരുക്കിയിട്ടില്ല. ആൽത്തറ മണ്ഡപത്തിൽ 41 ദിവസവും പൂജയും ഭജനയും ഉൾപ്പടെ ഭക്തരുടെ വഴിപാടായി നടക്കുന്നുണ്ട്. ആൽത്തറ മണ്ഡപത്തിലും സേവാസംഘ മന്ദിരത്തിലും ക്ഷേത്രം ഓഡിറ്റോറിയത്തിലും ഇവർക്ക് വിശ്രമിക്കുന്നതിന് സൗകര്യങ്ങൾ ക്ഷേത്ര കമ്മിറ്റിയാണ് ഒരുക്കുന്നത്. കിഴക്കേ ആൽത്തറ മണ്ഡപത്തിന് മുൻപിലായി കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്തോഫീസിനോടുചേർന്നുള്ള ക്ഷേത്രത്തിന്റെ ആറാട്ട് കടവിൽ അയ്യപ്പന്മാർക്കായി സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. പതിനൊന്നു വർഷം മുമ്പ് ജില്ലാപഞ്ചായത്ത് കലഞ്ഞൂരിൽ ഇടത്താവളം നിർമാണത്തിനായി പത്തുലക്ഷം രൂപ അനുവദിച്ചെങ്കിലും സ്ഥലം സംബന്ധിച്ച തർക്കം കാരണം ഫണ്ട് നഷ്ടമായി. പുനലൂരിൽ നിന്ന് ശബരിമലയിലേക്കുള്ള യാത്രാമധ്യേ കലഞ്ഞൂർ കിഴക്കേ ആൽത്തറ മണ്ഡപത്തിന് സമീപത്തായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സൗകര്യമുള്ളതിനാലാണ് ഇവിടെ തീർത്ഥാടകർ വിരിവച്ച് വിശ്രമിക്കുന്നത്.
കാൽനടയാത്രയും കഠിനം
കലഞ്ഞൂരിൽനിന്ന് വനത്തിലൂടെ കാൽനടയായി അച്ചൻകോവിലിലേക്ക് പോകുന്നതിനും ഇത്തവണ തീർത്ഥാടകർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. മാങ്കോടുനിന്ന് പാടത്തേക്കുള്ള റോഡ് പൂർണമായും തകർന്നുകിടക്കുന്നതാണ് കാരണം. കലഞ്ഞൂരിൽ നിന്ന് ഒൻപത് കിലോമീറ്റർ സഞ്ചരിച്ച് പാടം വഴി അച്ചൻകോവിലിലേക്ക് കാൽനടയാത്ര ചെയ്യുന്ന സംഘങ്ങൾ ധാരാളമാണ്.
ശബരിമല തീർത്ഥാടകർക്ക് കലഞ്ഞൂർ മഹാദേവക്ഷേത്രത്തിന്റെ പരിസരത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കണം.
സലിം ഇലവുംന്താനം (പ്രദേശവാസി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |