കൊച്ചി: ആദ്യ ചാട്ടം ഫൗൾ...അടുത്ത ശ്രമത്തിൽ കരിയറിലെ ഏറ്റവും മികച്ച ദൂരം.. സീനിയർ ആൺകുട്ടികളുടെ ലോംഗ് ജമ്പിൽ മലപ്പുറം ഐഡിയൽ കടകശേരി സ്‌കൂളിലെ ടി. അഞ്ചൽ ദീപ് പുറത്തെടുത്തത് മിന്നും പ്രകടനം. നാല് കൊല്ലമായി ലോംഗ്ജമ്പ് പരിശീലിക്കുന്ന അഞ്ചലിന്റെ മൂന്നാമത്തെ സംസ്ഥാന കായികമേളയാണിത്. കഴിഞ്ഞതവണ നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിടത്തു നിന്നാണ് കഠിന പരിശീലനത്തിലൂടെ അഞ്ചൽ ദീപെന്ന പ്ലസ് വൺ വിദ്യാർത്ഥി 7.01 എന്ന കരിയർ ബെസ്റ്റിലേക്ക് കുതിച്ചു ചാടിയത്.
മുൻ വർഷങ്ങളിൽ പോൾവോൾട്ടിൽ വെള്ളിയും വെങ്കലവും നേടിയിരുന്നെങ്കിലും സ്വർണസ്വപ്നം അകലെയായിരുന്നു. ഇത്തവണ പോൾവാൾട്ടിൽ വെങ്കലം നേടിയ അഞ്ചൽ തന്റെ പുതിയ ഇനമായ ഹർഡിൽസിൽ നാലാമതുമെത്തി. കോഴിക്കോട് ചേളന്നൂർ സ്വദേശിയാണ് അഞ്ചൽ ദീപ്. അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും പിന്തുണയാണ് വിജയത്തിന് പിന്നിലെന്ന് അഞ്ചൽ പറഞ്ഞു. മെക്കാനിക്കായ അച്ഛൻ രൺധീപ്, അമ്മ ഷിനിമ, സഹോദരൻ അഞ്ജയ് ദീപ് എന്നിവർ അടങ്ങുന്നതാണ് അഞ്ചലിന്റെ കുടുംബം.
മത്സരത്തിൽ തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്‌കൂളിലെ ഫെമിക്സ് റിജീഷ് വെള്ളിയും എറണാകുളം കീരംപാറ സെന്റ് സ്റ്റീഫൻ എച്ച്.എസ്.എസിലെ സജൽ ഖാൻ. എസ് വെങ്കലവും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |