തൃശൂർ: പൂട്ടിപ്പോകുമെന്ന ആശങ്കയിൽ കഴിഞ്ഞിരുന്ന അങ്കണവാടിക്ക് പുതുജീവനേകി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. ഏറെക്കാലമായി വാടകക്കെട്ടിടത്തിൽ പരിമിത സൗകര്യത്തിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടിക്കാണ് ജില്ലാ കളക്ടറിന്റെ ഇടപെടലിലൂടെ സ്വന്തമായി ഭൂമി ലഭ്യമായത്. തൃശൂർ കോർപ്പറേഷൻ 54 സിവിൽസ്റ്റേഷൻ ഡിവിഷനിലെ 47-ാം നമ്പർ അങ്കണവാടിയുടെ ശോചനീയാവസ്ഥ കൗൺസിലർ സുനിത വിനുവും ഐ.സി.ഡി.എസ് ഉദ്യോഗസ്ഥരും അങ്കണവാടി കമ്മിറ്റി അംഗങ്ങളുമാണ് കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. അങ്കണവാടി 2011 മുതൽ സിവിൽസ്റ്റേഷനടുത്തുള്ള വാടകകെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ അപേക്ഷയും അങ്കണവാടി കമ്മിറ്റിയുടെ അപേക്ഷയും പരിഗണിച്ചാണ് കളക്ടർ സ്ഥലം അനുവദിച്ചത്. കളക്ടർ അർജുൻ പാണ്ഡ്യനിൽ നിന്നും കൗൺസിലർ സുനിത വിനു, അങ്കണവാടി വർക്കർ ഷാഹിദ, സി.ഡി.പി.ഒ സുധ, എ.എൽ.എം.സി കമ്മിറ്റി അംഗങ്ങളായ ഗിരീഷ് കളരിക്കൽ, വിനു ഷാജു ചേലാട്ട്, മേഴ്‌സി എന്നിവർ ചേർന്ന് ഭൂമി അനുവദിച്ച സാക്ഷ്യപത്രം ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |