21 കെട്ടിടത്തിൽ ഉപയോഗ യോഗ്യമായത് മൂന്നെണ്ണം മാത്രം
മുതലമട: ജലസേചന വകുപ്പിന് കീഴിലെ ചുള്ളിയാർ ഡാം അണക്കെട്ടിലെ അധികൃതരുടെ ക്വാർട്ടേഴ്സുകൾ കാട് കയറി ജീർണിച്ച് നശിക്കുന്നു. 1970ൽ അണക്കെട്ട് നിർമ്മാണന കാലയളവിൽ നിർമ്മിച്ചതും പിന്നീട് പലതവണ നവീകരിച്ചതുമായ 21 ക്വാർട്ടേഴ്സുകളാണ് കാട് കയറിയ നിലയിലുള്ളത്. ഇതിൽ അഞ്ചെണ്ണത്തിന് മാത്രമാണ് നിലവിൽ ബിൽഡിംഗ് പെർമിറ്റ് ഉള്ളത്. ഇതിൽ മൂന്നെണ്ണം മാത്രമാണ് ഉപയോഗ യോഗ്യമായിട്ടുള്ളത്. കെട്ടിടങ്ങൾ സംരക്ഷിക്കാൻ ജലസേചന വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. അതിനാൽ രാത്രികാലങ്ങളിൽ ഇവിടം മദ്യപാനികളുടെയും ലഹരി ഉപയോക്താക്കളുടെയും താവളമാണ്. ഭൂരിഭാഗം കെട്ടിടങ്ങളും വന്യജീവികൾ ഉൾപ്പെടെ കയ്യേറിയ നിലയിലുമാണ്.
ലഹരി സംഘങ്ങളുടെ താവളം
15 വർഷം മുൻപ് വരെ ക്വാർട്ടേഴ്സുകളിൽ ആൾതാമസം ഉണ്ടായിരുന്നു. എന്നാൽ നവീകരണം നടത്താത്തതിനാൽ കാലക്രമേണ കെട്ടിടങ്ങൾ നശിക്കാൻ തുടങ്ങി. എല്ലാ കെട്ടിടങ്ങളുടെയും ജനലുകളും വാതിലുകളും മേൽക്കൂരയും മോഷ്ടിക്കപ്പെട്ടു. ഭൂരിഭാഗവും രാത്രികാലങ്ങളിൽ മോഷണം പോയതാണെന്ന് നാട്ടുകാർ പറയുന്നു. ലക്ഷക്കണക്കിന് രൂപയുടെ ജനലുകളും കഴുക്കോലും വൈദ്യുത സാമഗ്രികളുമാണ് കെട്ടിടങ്ങളിൽ ഉണ്ടായിരുന്നത്. ഫണ്ടില്ലാത്തതിനാലാണ് കെട്ടിടങ്ങൾ നവീകരിക്കാൻ സാധിക്കാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. പകൽ സമയങ്ങളിൽ ഇവിടെ ലഹരി സംഘങ്ങളും എത്താറുണ്ടെന്നാണ് സൂചന. കാടുപിടിച്ച് വിജനമായി കിടക്കുന്നതിനാൽ പൊതുജനങ്ങൾക്കോ പൊലീസിനോ പെട്ടെന്ന് എത്തിപ്പെടാൻ സാധിക്കില്ല.
അധികൃതരുടെ തികഞ്ഞ അനാസ്ഥയാണ് ചുള്ളിയാർ അണക്കെട്ടിലെ ക്വാർട്ടേഴ്സുകളുടെ നാശത്തിന് കാരണം. ലഹരി സംഘങ്ങളുടെയും താവളമാണിവിടം. എക്‌സൈസും പൊലീസും പരിശോധന കർശനമാക്കണം'
ആർ.സുരേഷ് സ്രാമ്പിച്ചള്ള, സാമൂഹ്യ പ്രവർത്തകൻ.
വർഷങ്ങളായി ജീർണിച്ചു കിടക്കുന്ന ക്വാർട്ടേഴ്സുകൾ ഇനി നശിപ്പിക്കാനേ സാധിക്കൂ. ഇവിടെ വിദ്യാർത്ഥികളും യുവാക്കളും എത്തുന്നതിനാൽ അപകടങ്ങൾക്ക് സാധ്യത ഏറെയാണ്. അധികൃതർ നടപടി സ്വീകരിക്കണം.
എസ്.നിധിൻഘോഷ്, യുവജനതാദൾ എസ് ജില്ലാ കമ്മിറ്റി അംഗം, മുതലമട
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |